prathishedham
പെരിങ്ങരയിലെ റോഡ് നിർമ്മാണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നു

തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന അറ്റകുറ്റപ്പണികളിലെ അശാസ്ത്രീയതയ്ക്കെതിരെ കാവുംഭാഗം- ചാത്തങ്കരി റോഡിൽ കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ മേയിൽ ഒരുവർഷത്തേക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരൻ പണികൾ ആരംഭിച്ചത് ഈമാസത്തിലാണെന്നും മുമ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗങ്ങളിൽ വീണ്ടും ടാറിംഗ് നടത്തുന്നത് അഴിമതിയാണെന്നും അറ്റകുറ്റപ്പണി അവശ്യമായ സ്ഥലങ്ങൾ കരാറുകാരൻ ഒഴിവാക്കിയെന്നും ഇതിനെല്ലാം പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഡി.സി.സി. ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുന്ധതി അശോക്, പഞ്ചായത്തംഗം റോയി വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ്, ജിജി ചാക്കോ, ജോൺ, ശെൽവൻ, തോമസ്, മനോജ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു.