പന്തളം:പന്തളം നഗരസഭയുടെ കഴിഞ്ഞ ദിവസത്തെയോഗം ബഹളത്തിൽ മുങ്ങി ഒന്നര മണിക്കൂറോളം സ്തംഭിച്ചു.നഗരസഭാ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് തുറന്നു പ്രവർത്തിക്കുവാൻ ഭരണ സമിതി മൗനാനുവാദം നൽകിയതിൽ അഴിമതി നടന്നതിനാൽ പമ്പ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടായിരുന്നു. യു ഡി.എഫ് പ്രതിഷേധം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പെട്രോൾപമ്പ് മുൻപ് മുൻ സെക്രട്ടറി ജയകുമാർ അടച്ചു പൂട്ടുകയും തുടർന്ന് ഉടമ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയും സ്റ്റോക്ക് തീരുന്നതുവരെ പ്രവർത്തിക്കുവാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. .

നിയമം പാലിക്കാതെ പ്രവർത്തിക്കുന്നപെട്രോൾ പമ്പിൽ എന്തെങ്കിലും അപകടമുണ്ടായാൽ നഗരസഭയായിരിക്കും ഉത്തരവാദി എന്നിരിക്കേ പമ്പിന് പിന്തുണ നൽകുന്നത് പ്രതിഷേധാർഹമാണെന്ന് .ഭരണകക്ഷിയിലെ ചില അംഗങ്ങളും പറ‌ഞ്ഞു..കൊവിഡ് കാലത്ത് സി.എഫ്.എൽ.റ്റി.സി പ്രവർത്തിക്കുവാനായി കളക്ടറുടെ നിർദ്ദേശപ്രകാരമെടുത്ത സ്ഥാപനത്തിന് വാടക ആവശ്യപ്പെട്ടു നൽകിയ കേസിലും നഗരസഭ മൗനംപാലിക്കുകയാണെന്ന് യു.ഡി,.എഫ് ആരോപിച്ചു. . ഭരണത്തിലേറി രണ്ടു വർഷമായിട്ടും ജനോപകരപ്രദമായ കാര്യങ്ങൾ നടത്താൻ കഴിയാത്ത ഭരണ സമിതി രാജിവയ്ക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ ,സെക്രട്ടറി കെ.ആർ രവി.പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.