daily
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണം നിലച്ച ടേക്ക് എ ബ്രേക്ക് പദ്ധതി കെട്ടിടം

പത്തനംതിട്ട : നഗരസഭാ പരിധിയിലുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി നിർമ്മാണം നിലച്ചിട്ട് മാസങ്ങളായി. കെട്ടിടത്തിന് ചുറ്റും കാടും പടർപ്പും നിറഞ്ഞിരിക്കുകയാണിപ്പോൾ. കരാറെടുത്ത ഏജൻസി പണികൾ നിറുത്തിയിരിക്കുകയാണ്. കുമ്പഴ എൻ.യു.എച്ച്.എം, ടൗൺ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവയടക്കം 35 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഏജൻസിക്ക് കൈമാറിയിരുന്നത്. ടേക്ക് എ ബ്രേക്കിന് മാത്രമായി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. നിലവിൽ ഈ പദ്ധതികളെല്ലാം നിലച്ചമട്ടാണ്.

മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങൾ. ഉന്നത നിലവാരത്തിലുള്ള ടോയ്‌ലറ്റിനോടൊപ്പം സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വഴിയിടം ബോർഡ്, നാപ്കിൻ ഡിസ്‌ട്രോയർ യൂണിറ്റ്, ആകർഷകമായ പെയ്ന്റിംഗ്, വാഷ് ബേസിൻ, കണ്ണാടി തുടങ്ങിയവയടക്കം ഇവിടെ ക്രമീകരിക്കും. ഇതോടൊപ്പം കോഫി ഷോപ്പും പ്രവർത്തിപ്പിക്കാം. പദ്ധതി പൂർത്തീകരിച്ചതിന് ശേഷം പരിപാലന ചുമതല തദ്ദേശസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പേ ആന്റ് യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകളാണ് നിർവഹിക്കുക. ശുചിമുറിയുടെ പരിപാലനത്തിനായി ചുമതലപ്പെടുത്തുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിദിനം 300 രൂപ വരുമാനം ഉറപ്പാക്കും. ഇതിന് കഴിഞ്ഞില്ലെങ്കിൽ ആവശ്യമായി വരുന്ന അധിക തുക വയബിലിറ്റി ഗ്യാപ്പ് ഫണ്ട് എന്ന നിലയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകണം. ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതി കൂടിയാണിത്.

നിലവിലെ സ്ഥിതി

ടേക്ക് എ ബ്രേക്കിനായി നിർമ്മിച്ച കെട്ടിടം ഭിത്തിയിൽ ഒതുങ്ങുകയാണ്. മേൽക്കൂരയടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ചെയ്ത് തീർക്കാനുണ്ട്. കെട്ടിടത്തിന് ചുറ്റും കാടും പടർപ്പും നിറഞ്ഞിരിക്കുന്നു.

പദ്ധതി തുക : 5 ലക്ഷം

" ടേക്ക് എ ബ്രേക്ക് നിർമ്മാണം സംബന്ധിച്ച് തർക്കം പരിഹരിച്ച് ഉടൻ നടപടിയെടുക്കും. ഇതോടൊപ്പം മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുമുണ്ട്. ചർച്ചകൾ നടക്കുകയാണ്. "

നഗരസഭാ അധികൃതർ