കോഴഞ്ചേരി : വിദ്യാലയങ്ങളിൽ വിദ്യാ സൗഹൃദ ക്ലാസ് അന്തരീക്ഷം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും കൊവിഡാനന്തര സാമൂഹിക പരിതസ്ഥിതിയിൽ പുത്തൻ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ക്ലാസ് റൂം വിനിമയം കാര്യക്ഷമമാക്കുന്നതിനും അദ്ധ്യാപകർക്കായി സമഗ്രശിക്ഷാ കേരളയും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്കി ടീച്ചർ പരിശീലനത്തിന് തുടക്കമായി.
ആദ്യഘട്ടത്തിൽ പ്രൈമറി വിഭാഗത്തിലെ ഐ.ടി കോർഡിനേറ്റർമാർക്കാണ് പരിശീലനം നൽകുന്നത്. 30 അദ്ധ്യാപകരാണ് ഓരോ ബാച്ചുകളായി പങ്കെടുക്കുന്നത്. പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ.അജയകുമാർ നിർവഹിച്ചു.
പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ.അനില അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എ.പി ജയലക്ഷ്മി,എ.കെ.പ്രകാശ് , കോഴഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ്.ഷിഹാബുദീൻ, കൈറ്റ് കോർഡിനേറ്റർമാരായ സി.പ്രവീൺകുമാർ, ആർ.താരാചന്ദ്രൻ , അരവിന്ദ് എസ്.പിളള എന്നിവർ സംസാരിച്ചു.