പന്തളം: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥന് പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരൻ കടയ്ക്കാട് മണ്ണിൽ വടക്കേതിൽ താഹാ റാവുത്തർ (64)നാണ് കടിയേറ്റത്. ഇന്നലെ പുലർച്ചെ 4 .15. യോടെ കടയ്ക്കാട് പബ്ലിക് മാർക്കറ്റിന് സമീപമാണ് സംഭവം. പ്രഭാത നമസ്‌കാരത്തിനായി പള്ളിയിൽ പോകുന്നതിനു വേണ്ടി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് പട്ടികടിച്ചത്. നിലവിളി കേട്ട് സമീപത്തെ മാർക്കറ്റിൽ ഉണ്ടായിരുന്നവർ ഓടിയെത്തിയാണ് പട്ടിയെ തല്ലിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ താഹാ റാവുത്തറെ അടൂർ ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.