അടൂർ: നഗരസഭാ സൗന്ദര്യവത്കരണത്തിന്റെയും ഇരട്ട പാലത്തിന്റെയും നിർമ്മാണത്തെ തുടർന്ന് കുടിയൊഴിക്കപ്പെടുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെയും വഴിയോര കച്ചവടക്കാരുടെയും പുനരധിവാസ കാര്യത്തിൽ വ്യക്തത വരുത്താതെ പാലം ഉദ്ഘാടനം ചെയ്ത് അവരെ മുഴുപ്പട്ടിണിയിലേക്കു തള്ളിയിടുന്ന അധികൃതരുടെ തൊഴിലാളി വിരുദ്ധ നടപടിയിൽ ബി.എം.എസ് അടൂർ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ഇരട്ടപ്പാല നിർമ്മാണത്തെത്തുടർന്ന് കുടിയൊഴിക്കപ്പെടുന്ന ഓട്ടോറിക്ഷ തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയും പുനരധിവസിപ്പിക്കാൻ വേണ്ടുന്ന നടപടികൾ എത്രയും വേഗം കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.എം.എസ് അടൂർ മേഖല കമ്മിറ്റി അറിയിച്ചു. മേഖല പ്രസിഡന്റ് സി.ടി.അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബി.എം.എസിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സുരേഷ് മണ്ണടി , ജോയിന്റ് സെക്രട്ടറി ഗംഗാധരൻ, രമേശ്.കെ, രത്നകുമാർ,രജനീഷ് തുടങ്ങിയവർ സംസാരിച്ചു.