ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ റേഷൻ വിതരണം താളംതെറ്റി. ഒക്ടോബർ മാസം പകുതിയെത്തിയപ്പോഴും 50 ശതമാനം കടകളിലും റേഷനെത്തിയിട്ടില്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന സ്‌കീമിലുള്ള അരി സെപ്തംബറിലെ വിതരണത്തിന് ലഭിച്ചിട്ടില്ല. ഇത് കാർഡുടമകളും റേഷൻ വ്യാപാരികളും തമ്മിലുള്ള തർക്കത്തിന് കാരണമാകുന്നു. എൻ.എഫ്.എസ്.എ ഡിപ്പോ ചെറിയനാട് നിന്ന് മാറ്റിയത് ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതു മൂലമാണെന്നാണ് കരാറുകാരനും ഉദ്യോഗസ്ഥരും പറയുന്നത്. റേഷൻ വിതരണം കഴിഞ്ഞ ഒരു വർഷമായി സുഗമമായി നടക്കുന്നില്ലെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.