കൊടുമൺ : ഒരു കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ആറ് ബസ് സർവീസുകളുണ്ടായിരുന്ന കൊടുമൺ - കൂടൽ റൂട്ടിൽ ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതോടെ യാത്രാക്ളേശം രൂക്ഷമാകുന്നു. നിലവിൽ കടമ്പനാട് - കൂടൽ റൂട്ടിൽ രണ്ട് സ്വകാര്യ ബസ് സർവീസ് മാത്രമാണുള്ളത്. ഞായറാഴ്ച ദിവസങ്ങളിൽ സർവീസ് നടത്താറുമില്ല. കൊവിഡിന് മുൻപ് കോന്നി ഡിപ്പോയിൽ നിന്നും അടൂരിന് കെ.എസ്.ആർ.ടി.സി സർവീസും മറ്റ് അഞ്ച് സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നതിനാൽ ഉദ്യോഗാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ളാന്റേഷൻ തൊഴിലാളികൾ, അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ്. എസ് & വി.എച്ച്.എസ്. എസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരമായിരുന്നു. രാവിലെ 9ന് കൊടുമണ്ണിൽ നിന്നും കൂടലിലേക്കുള്ള സ്വകാര്യ സർവീസ് വിദ്യാർത്ഥികളെ ഒഴിവാക്കാനായി 10കഴിഞ്ഞാണ് പുറപ്പെടുന്നത്. ഇക്കാരണത്താൽ സ്കൂൾ ബസിനെ ആശ്രയിക്കാൻ കഴിവില്ലാത്ത വിദ്യാർത്ഥികൾ കൊടുമണ്ണിൽ നിന്നും കാൽനടയായാണ് എസ്.എൻ.വി സ്കൂളിൽ എത്തുന്നതും മടങ്ങുന്നതും. ഞായറാഴ്ച ദിവസങ്ങളിൽ ഡി.സി.എ കമ്പ്യൂട്ടർ കോഴ്സിന്റെ ക്ളാസ് നടക്കുന്നുണ്ട്. അന്ന് സ്കൂൾ ബസുമില്ലാത്തിനാൽ കൊടുമണ്ണിൽനിന്നും ഒാട്ടോറിക്ഷയിലാണ് എത്തുന്നത്. സന്മനസുള്ള ഇരുചക്ര വാഹന യാത്രികർ വിദ്യാർത്ഥികളുടെ സഹായത്തിന് എത്തുന്നതാണ് മറ്റൊരാശ്വാസം.
ബസ് സർവീസ് എന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല
കൂടൽ - കൊടുമൺ - ഐക്കാട് - ആനന്ദപ്പള്ളി - അടൂർ - കടമ്പനാട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ല. ഇതോടെ കൊടുമൺ - ഐക്കാട് റൂട്ടിലും യാത്രക്ളേശമാണ്. ഇൗ റൂട്ടിൽ സർവീസ് നടത്താൻ പെർമിറ്റിനായി മറ്റ് സ്വകാര്യ ബസുകാർ സമീപിക്കുന്നുണ്ടെങ്കിലും നിലവിൽ സർവീസ് നടത്തുന്നവരുടെ സമ്മർദ്ദത്താൽ അനുമതി നൽകുന്നില്ലെന്ന പരാതിയും ഉണ്ട്. ഇതോടെ ഐക്കാട്, അങ്ങാടിക്കൽ തെക്ക്, ഒറ്റത്തേക്ക്, നെടുമൺകാവ് നിവാസികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
.........................
കൊടുമൺ - കൂടൽ റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ച് യാത്രാക്ളേശത്തിന് പരിഹാരം കാണെണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അലംഭാവം വെടിയണം. കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിച്ചാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അനുവഭിക്കുന്ന യാത്രാക്ളേശത്തിന് പരിഹാരമാകും.
രാജൻ ഡി.ബോസ്,
(മാനേജർ, എസ്.എൻ.വി.എച്ച്.എസ്.എസ്)