 
തിരുവല്ല: തിരക്കേറിയ എം.സി.റോഡിലെ മഴുവങ്ങാടുചിറയിൽ റോഡ് ഇടിഞ്ഞുതാഴുന്നു. പാലത്തിന്റെ സംരക്ഷണഭിത്തിയും തകർന്നതോടെ യാത്രക്കാർക്ക് ഭീഷണിയായി. മഴുവങ്ങാടുചിറയിലെ ഇടുങ്ങിയ പാലത്തിന്റെ അപ്പ്രോച്ച് റോഡിനോട് ചേർന്ന ഭാഗമാണ് പകുതിയോളം വിണ്ടുകീറി ഇടിഞ്ഞു താഴുന്നത്. ടാറിംഗ് ചെയ്തു മിനുസപ്പെടുത്തിയ ഭാഗത്ത് റോഡിന്റെ മദ്ധ്യത്തിലായി റോഡ് വിണ്ടുകീറി മണ്ണിടിഞ്ഞു താഴ്ന്ന നിലയിലാണ്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തലങ്ങും വിലങ്ങും ചീറിപ്പായുന്ന റോഡിലാണ് അപകടക്കെണി. റോഡിന്റെ വളവിലെ ചെരിവുള്ള ഭാഗത്തുകൂടി വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭീതിഉയർത്തുന്നതായി സമീപവാസികൾ പറഞ്ഞു. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് ചാടിപ്പോകുമ്പോൾ അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. വഴിവിളക്കുകൾ തകരാറിലായതിനാൽ രാത്രികാലങ്ങളിൽ റോഡിൽ വെളിച്ചമില്ലാത്തതും യാത്രക്കാർക്ക് ദുരിതമാണ്. വലിയ ട്രക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളും ഇവിടുത്തെ മീൻ ചാപ്രയിൽ മത്സ്യവുമായെത്തിയശേഷം തിരികെ പോകുന്നു. വീതികുറഞ്ഞ പാലവും മിക്കപ്പോഴും യാത്രാ തടസമുണ്ടാക്കുന്നു. ബൈപ്പാസ് തുടങ്ങുന്ന മഴുവങ്ങാടുചിറ മുതൽ രാമഞ്ചിറ വരെയുള്ള നഗരഭാഗത്ത് റോഡിന്റെ വശങ്ങളിൽ കാടുവളർന്ന് നിൽക്കുകയാണ്. ഇവിടുത്തെ നടപ്പാതകളിലും കാടുമൂടി. കാൽനടയാത്രക്കാർക്ക് പോകാനുള്ള ഇടംപോലും ഇവിടെയില്ല. അറ്റകുറ്റപ്പണികളോ ശുചീകരണമോ ഒന്നും ഫലപ്രദമാകുന്നില്ല. ബൈപ്പാസ് നിർമ്മിച്ചതിനെ തുടർന്ന് എം.സി. റോഡിലെ നഗരഭാഗത്തെ അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡിന്റെ തകർച്ച പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.