janam
നരബലി​ കേസി​ലെ പ്രതി​കളെ തെളി​വെടുപ്പി​ന് എത്തി​ക്കുന്നതറി​ഞ്ഞ് കടകംപള്ളി​ൽ വീടി​ന് സമീപം തടിച്ചുകൂടിയ ജനം

പത്തനംതിട്ട : തിരുമ്മലിന് എത്തിയത് ഈ അരുംകൊലകേന്ദ്രത്തിൽ ആയിരുന്നു എന്നതിന്റെ ഭീതിയിലാണ് ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നവർ. ഒരു മടിയും ഇല്ലാതെ കൊല നടത്തുന്നതിനും ഭയാശങ്കകളില്ലാതെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റുകയും അത് ദിവസങ്ങളോളം സൂക്ഷിച്ചുവച്ച് ഭഗവൽസിംഗും ഭാര്യ ലൈലയും സിദ്ധൻ മുഹമ്മദ് ഷാഫിയും ഭക്ഷിച്ചിരുന്നു എന്നതും ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ശാന്തരും സൗമ്യശീലരുമായാണ് ഭഗവൽ സിംഗും ലൈലയും രോഗികളോട് പെരുമാറിയിരുന്നത്. മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് ഇവരുടെ ഉള്ളിൽ ഉണ്ടായിരുന്നത് എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലോടെ ശരിക്കും ഞെട്ടിയത് നാട്ടുകാർക്കും അയൽവാസികൾക്കും ഒപ്പം ഇവിടെ ചികിത്സതേടി എത്തിയിരുന്നവർ കൂടിയാണ്. ചുറ്റും കാടുമൂടിയ വിജനത നിറഞ്ഞ പ്രദേശം ആരും അറിയാതെ കൊല നടത്തുവാനും മറവ് ചെയ്യുവാനുമുള്ള ഇ‌ടമായി ഇവർ മാറ്റിയെടുക്കുകയായിരുന്നു.