kip
അടൂർ നഗരസഭയിലെ നാലാംവാർഡിൽ കോട്ടപ്പുറം ഭാഗത്ത് കനാൽ പൂർണ്ണമായും കാട്മൂടിയ നിലയിൽ

അടൂർ : നാടിനെ കീറിമുറിച്ച് കാർഷികാഭിവൃദ്ധി ലക്ഷ്യമിട്ട് നടപ്പാക്കിയ കെ.ഐ.പി കനാൽ ഇന്ന് നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. വേണ്ട സംരക്ഷണമില്ലാത്തതോടെ കാടുമൂടി കിടക്കുകയാണ് കനാൽ. കനാലേത് കരയേത് എന്നത് പല ഇടങ്ങളിലും തിരിച്ചറിയാനാകാത്ത സ്ഥിയാണ്. കാട്ടുപന്നികളുടേയും ഉരഗങ്ങൾ ഉൾപ്പെട‌െയുള്ളവരുടേയും വിഹാരകേന്ദ്രമായി മാറിയതോടെ സമീപവാസികൾ ഏറെ ഭീതിയിലാണ്.ജലക്ഷാമത്തെ തുടർന്ന് മൂന്ന് വട്ടം നെൽകൃഷി നടത്തുന്നതിനായാണ് കോടികൾ മുടക്കി തെന്മലമുതൽ ആലപ്പുഴ ജില്ലയിലെ ചാരുംമൂട് വരെ വലതുകര മെയിൻ കനാലുകളും വിവിധ ഭാഗങ്ങളിലേക്ക് ഉപകനാലുകളും നിർമ്മിച്ചത്. എന്നാൽ വയലുകൾ പലതും കരഭൂമിയായി മാറിയതോടെ മൂന്ന് തവണ നെൽകൃഷിയെന്നത് പേരിലൊതുങ്ങി. കടുത്ത വരൾച്ച നേരിട്ടുന്ന കാലഘട്ടമായ ജനുവരി മുതൽ ഏപ്രിൽവരെ കനാലിലൂടെ ജലം ഒഴുക്കിവിടും. എന്നാൽ കനാലിന്റെ പലയിടങ്ങളിലേയും ദുർബലാവസ്ഥയും നിർമ്മാണത്തിലെ നിലവാരമില്ലായ്മയുംകാരണം കനാലിന്റെ വശങ്ങളിൽ ചോർച്ച രൂക്ഷമാണ്. ഇത് കാരണം പലയിടങ്ങളിലും ആവശ്യമായ ജലം ഒഴുകിയെത്തുന്നില്ല. കാലാകാലങ്ങളിലുള്ള നവീകരണമില്ലാത്തതാണ് കെ.ഐ.പി കനാലിന്റെ ദുരവസ്ഥയ്ക്ക് പ്രധാനമായും ഇടയാക്കുന്നത്.

വള്ളിപ്പർപ്പുകൾ മൂടി

കനാലിന്റെ ഇരുകരകളിലും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും പടർന്ന് ഒട്ടുമിക്ക ഇടങ്ങളിലും കനാൽ പൂർണ്ണമായും മൂടപ്പെട്ട നിലയിലാണ്. മരങ്ങൾ വളരുന്ന് വേരുകൾ സംരക്ഷണ ഭിത്തിക്കിടയിലേക്ക് ഇറങ്ങുന്നതോടെ കോൺക്രീറ്റ് ചെയ്ത സംരക്ഷണ ഭിത്തി ഇളിമാറുകയാണ്. ഇതോടെ കനാലിന്റെ വശങ്ങൾ ദുർബലമാകുകയാണ്. ഇത് സംബന്ധിച്ച പരാതികൾ ഏറെയുണ്ടെങ്കിലും കനാൽ സംരക്ഷണത്തിനായി യാതൊരു നടപടിയുമില്ല. ഇതിന്റെ സംരക്ഷണത്തിനായി ഒ &എം എന്ന വിഭാഗം പ്രവർത്തിക്കുണ്ടെങ്കിലും മതിയായ ഫണ്ടില്ലെന്ന കാരണമാണ് സ്ഥിരമായി പറയുന്നത്.

ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഒത്തുകളിയെന്ന് ആരോപണം

കനാലിൽ വെള്ളം ഒഴുക്കി വിടുന്നതിന് മുൻപായി മാത്രമാണ് ഇപ്പോൾ ക്ളീനിംഗ് നടക്കുന്നത്. അത് തീർത്തും പേരിലൊതുങ്ങും. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് നടത്തുന്ന ഒത്തുകളിയായി മാറുകയാണ്. കനാലിന്റെ സൈഡിൽ ആദ്യം തീയിടും. അത് ഉണങ്ങുന്നതോടെ എല്ലാം കനാലിലേക്ക് വെട്ടിയിറക്കും. ഒടുവിൽ കരാറുകാരെ രക്ഷിക്കാനായി ഡാമിൽ നിന്നും ഉയർന്ന അളവിൽ വെള്ളം തുറന്ന് വിടുന്നതോടെ ഇതെല്ലാം താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുക്കികളയുന്ന പദ്ധതിയാണ് ക്ളിനിംഗിന്റെ പേരിൽ വർഷങ്ങളായി നടന്നുവരുന്നത്. കനാൽ അടിഞ്ഞുകൂടിയ ചെളികൾ നീക്കം ചെയ്യാൻ യാതൊരു നടപടിയും ഇല്ലാത്തതോടെ സുഗമായ ജലമൊഴുക്ക് തീർത്തും അപ്രാപ്യമാണ്.

...................................

ഏറെ പ്രതീക്ഷകളാണ് കെ.ഐ.പി കനാൽ നൽകിയത്. ഫലപ്രദമായ സംരക്ഷണം ഇല്ലാത്തതാണ് കനാൽ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം. ഇരുകരളിലും വളർന്ന് പന്തലിച്ച് കിടക്കുന്ന കാടാണ് ഇന്ന് കാട്ടുപന്നികളുടെ പ്രധാന വിഹാരകേന്ദ്രം. സംരക്ഷമില്ലെങ്കിൽ വരും കാലങ്ങളിൽ നാടിന് ദുരന്തം ക്ഷണിച്ച് വരുത്തുന്നതിന് ഇടയാക്കും.

കെ.ആർ.ശിവാനന്ദൻ കോട്ടപ്പുറം.

(പ്രദേശവാസി)