ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് നവംബർ 9ന് നടക്കും. പഞ്ചായത്ത് പ്രസിഡന്റും ഏഴാം വാർഡ് അംഗവുമായ ആശാ വി.നായർ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആശ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടു മുൻപ് രാജിവയ്ക്കുകയായിരുന്നു. അതേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ജോസ് വല്യാനൂർ തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആശാ വി.നായർ മത്സരിച്ചേക്കും. ബി.ജെ.പി സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ബി.ജെ.പിക്കും എൽ.ഡി.എഫിനും ഇത് അഭിമാനപ്പോരാട്ടമാണ്. ജനറൽ സീറ്റിലാണ് കഴിഞ്ഞ തവണ ആശ വിജയിച്ചത്. ഇവർ തുടർച്ചയായി രണ്ട് തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. രണ്ടാം തവണ അവരുടെ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ ബി.ജെ.പി ഭരണത്തിലിരുന്ന ഏക പഞ്ചായത്ത് ആലപ്പുഴ ജില്ലയിൽ ബി.ജെ.പി ഭരണം നടത്തിയിരുന്ന ഏക പഞ്ചായത്താണ് പാണ്ടനാട്. കഴിഞ്ഞ ജൂൺ നാലിന് പ്രസിഡന്റിനെ ഒഴിവാക്കി വൈസ് പ്രസിഡന്റ് (ബി.ജെ.പി) സുരേന്ദ്രൻ നായർക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസം കോൺഗ്രസ് പിൻതുണയോടെ പാസായിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന സമ്മർദ്ദം ആശക്കുമേൽ ഉണ്ടായിരുന്നു. വികസന കാര്യത്തിൽ സഹകരിച്ചു പോകുന്നതിന് ബി.ജെ.പി വിലക്കിയെന്നും ആശ പറഞ്ഞു. രാഷ്ട്രീയ അന്ധത മൂലം വികസനത്തെ എതിർക്കുന്ന ബി.ജെ.പി.യുടെ നിലപാടിനൊപ്പം തുടരുവാൻ കഴിയുകയില്ലെന്നും ഇതോടെ ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും ആശ നേരത്തെ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജൂൺ 27ന് വൈകിട്ട് 4 .48 നാണ് ആശ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. 2020 ഡിസംബറിലാണ് ഈ ഭരണകക്ഷി അധികാരത്തിലേറിയത്. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി- 6, സി.പി.എം- 5, കോൺഗ്രസ് - 2 എന്നിങ്ങനെയാണ് കക്ഷിനില. പാണ്ടനാട് പഞ്ചായത്ത് ഏഴാം വാർഡ് വന്മഴി വെസ്റ്റിൽ നിന്നുള്ള പ്രതിനിധിയായിരുന്നു ആശ.