കോന്നി : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15ന് ആദ്യ എം.ബി.ബി.എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നു മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.കോന്നി മെഡിക്കൽ കോളേജിനു മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അനുമതി നേടിയെടുത്ത മന്ത്രി വീണാ ജോർജിനും കെ.യു ജനീഷ്കുമാർ എം.എൽ.എക്കും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സി ടി സ്കാൻ,എം.ആർ.ഐ സ്കാൻ എന്നിവയെല്ലാം ഉടൻ ക്രമീകരിക്കും.കിഫ്ബിയിലൂടെ 18കോടി രൂപയാണ് അനുവാദിച്ചത്.മെഡിക്കൽ കോളേജിന് ആവശ്യമായ ഫർണീച്ചറുകൾ അടക്കം എത്തിച്ചു.ജില്ലയുടെയും പ്രത്യേകിച്ച് കോന്നിയുടെയും സമഗ്ര വികസനത്തിന് കോന്നി മെഡിക്കൽ കോളേജിന്റെ വളർച്ച ഉപകരിക്കും.ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് ഇതൊരു ചരിത്ര മുഹൂർത്തമാണ്. കേരളത്തിൽ കോന്നി, ഇടുക്കി എന്നീ രണ്ട് മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഭാവിയിൽ കോന്നി മെഡിക്കൽ കോളേജിൽ പി.ജി കോഴ്‌സുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേർത്തു. യോഗം മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.എം.മുകുന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബിഷപ് സാമുവൽ മാർ ഐറേനിയോസ്,ഓർത്തഡോസ് സഭാ സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ, പ്ലാസ്‌ഥാനത്തു മഠം പ്രതിനിധി ആർ.കൃഷ്ണൻ പോറ്റി, മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി സജീവ് അരുവാപ്പുലം അനിൽ നെപ്ട്യൂൺ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു,ഡി.അനിൽകുമാർ (എസ്.എൻ.ഡി.പി),ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ, റവ.പി വൈ ജസൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ സംഗേഷ് ജി.നായർ തുടങ്ങിയവർ സംസാരിച്ചു.