road-
മുക്കട ഇടമൺ അത്തിക്കയം ശബരിമല പാതയിലെ അപകടക്കെണി

റാന്നി: തീർത്ഥാടന കാലത്തുൾപ്പെടെ വലിയ വാഹനങ്ങൾ കൂടുതലായി കടന്നുപോകുന്ന പ്രധാന ശബരിമല പാതയായ മുക്കട- ഇടമൺ - അത്തിക്കയം റോഡിൽ അപകടക്കെണി. ഇടമൺ ജംഗ്ഷനിൽ നിന്നും അത്തിക്കയം ഭാഗത്തേക്ക് തിരിയുന്ന ഒരു ഭാഗം കുഴിയാണ്. ഇവിടെ ഇടിതാങ്ങിയോ മറ്റു സജ്ജീകരണങ്ങളോ ഒരുക്കിയിട്ടില്ല. എരുമേലി വഴി വരുന്ന അന്യ സംസ്ഥാന വാഹനങ്ങൾ ഉൾപ്പടെയുള്ള ശബരിമല തീർത്ഥാടന വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചു വിടുന്നത്. രാത്രിയും പകലും ഒരുപോലെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നന്നേ വീതി കുറഞ്ഞ റോഡിൽ അപകട വളവുകൾ ഏറെയാണ്.അതിനൊപ്പമാണ് മൂന്ന് റോഡുകൾ സംഗമിക്കുന്ന ഇടമണ്ണിൽ ഇത്തരത്തിൽ റോഡിന്റെ വശം ഇടിതാങ്ങി സ്ഥാപിക്കാത്ത നിലയിൽ കിടക്കുന്നത്. കൂടാതെ എരുമേലിയിലേയ്ക്കുള്ള ദിശാ സൂചിപ്പിക്കുന്നതിനായി പൊതു മരാമത്ത് സ്ഥാപിച്ച ബോർഡും നിലംപതിച്ചു അവസ്ഥയിലാണ്.

ശബരിമല തീർത്ഥാടകരും ദുരിതത്തിൽ

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്ന സാഹചര്യത്തിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടമണ്ണിൽ എത്തുമ്പോൾ എങ്ങോട്ട് തിരിയണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൂടാതെ പകൽ സമയങ്ങളിൽ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരാണ് വാഹനങ്ങൾക്കും വഴികാട്ടിക്കൊടുക്കുന്നതും. രാത്രിയിൽ ഉൾപ്പെടെ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ ദിശ അറിയാതെ വെച്ചൂച്ചിറ റോഡിലേക്ക് തിരിയുന്നത് തീർത്ഥാടകർക്ക് ഏറെദൂരം സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു. കൃത്യം ഒരു മാസങ്ങൾക്ക് ശേഷം ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ റോഡിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ല. എത്രയും വേഗം ദിശാ ബോർഡ് ശരിയായ രീതിയിൽ പുനഃസ്ഥാപിക്കുകയും വശങ്ങളിലെ അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

...............
ശബരിമല തീർത്ഥാടകർക്ക് പുറമെ അത്തിക്കയം, പെരുനാട്, കുടമുരുട്ടി പോലുള്ള പ്രദേശങ്ങളിൽ നിന്നും എരുമേലി, മണിമല,പൊൻകുന്നം, പാല, എറണാകുളം എന്നിവടങ്ങളിലേക്ക് സഞ്ചരിക്കുന്ന റോഡുകൂടിയാണിത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.

നാട്ടുകാർ