കോന്നി: അമിത വേഗത്തിലെത്തിയ ടോറസ് ലോറിക്ക് മുന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച വിദ്യാർത്ഥിയും രക്ഷിതാവും. ഇന്നലെ രാവിലെ 8.15 ന് വെട്ടൂർ റേഡിയോ ജംഗ്ഷന് സമീപമാണ് സംഭവം. അട്ടച്ചാക്കൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായി കുമ്പഴയിൽ നിന്ന് എത്തിയ രക്ഷിതാവിന്റെ ഇരുചക്രവാഹനമാണ് അമിത വേഗത്തിലെത്തിയ ടോറസ് ലോറിയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുമ്പഴയിൽ നിന്നും കോന്നിയിലേക്ക് വന്ന ഇരുചക്ര വാഹനം എതിർദിശയിൽ നിന്നും ദിശ തെറ്റിച്ചു വന്ന ടോറസ് ലോറിയുമായി ഇടിക്കാതെ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. തുടർന്ന് നാട്ടുകാർ ലോറി തടഞ്ഞു. രാപ്പകലില്ലാതെ വെട്ടൂർ ആഞ്ഞിലികുന്ന് അട്ടച്ചാക്കൽ റോഡിലൂടെ ടിപ്പറുകളും ടോറസ് ലോറികളും ചീറിപ്പായുകയാണ്. രാവിലെ വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയം മുതൽ പത്ത് മണി വരെയുള്ള സമയങ്ങളിൽ പ്പോലും യാതൊരു നിയന്ത്രണവുമാതെ അമിത വേഗത്തിൽ ടിപ്പറുകൾ ചീറിപ്പായുമ്പോൾ അധികാരികൾ മൗനം പാലിക്കുകയാണെന്ന നാട്ടുകാരുടെ ആരോപണം ശക്തമാണ്.