photo
വള്ളിക്കോട് അപകട മേഖലയിൽ ടാറിംഗ് നടത്തുന്നു

വള്ളിക്കോട് : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോന്നി - ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് അപകട മേഖലയിൽ ടാറിംഗ് നടത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് റിലേ റോഡ് ഉപരോധം സംഘടിപ്പിക്കാനിരിക്കെ ഇന്നലെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ടാറിംഗ് നടത്തിയത്. അധികൃതരുടെ അനാസ്ഥയെ തുടർന്ന് ടാറിംഗ് വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ആഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തര നടപടി. മുന്നറിയിപ്പില്ലാതെ ടാറിംഗിനായി റോഡ് അടച്ചത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി. ഇന്നലെ രാവിലെ ആരംഭിച്ച ടാറിംഗ് ഉച്ചയ്ക്ക് ശേഷം അവസാനിച്ചു. അനുബന്ധ ജോലികൾ അടുത്ത ദിവസങ്ങളിൽ നടക്കും. ഇന്റർലോക്ക് കട്ടകൾ മാ​റ്റിയ ഭാഗത്ത് മെ​റ്റലും പാറപ്പൊടിയും നിരത്തി റോഡ് ലെവൽ ചെയ്യുന്ന ജോലികൾ ആഴ്ചകൾക്ക് മുമ്പ് പൂർത്തീകരിച്ചിരുന്നു. ടാറിംഗ് നടത്താനുള്ള യന്ത്ര സാമഗ്രികളും സ്ഥലത്ത് അന്ന് തന്നെ എത്തിച്ചിരുന്നു. എന്നാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട നിർമ്മാണം സംബന്ധിച്ച് ജനപ്രതിനിധികൾ തർക്കം ഉന്നയിച്ചതോടെ പണികൾ വീണ്ടും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഓടയുടെ കുഴൽ റോഡിൽ നിന്ന് ഉയർന്ന് നിന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയുമായിരുന്നില്ല. ഈ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ട് ദിവസങ്ങളായെങ്കിലും ടാറിംഗ് ജോലികൾ അനന്തമായി നീളുകയായിരുന്നു.

നി​ർ​മ്മാ​ണത്തിൽ തുടക്കം മുതലെ പ്രതിഷേധം

2020 അവസാനമാണ് റോഡ് പണി ആരംഭിച്ചത്. കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ വള്ളിക്കോട് ഭാഗത്തെ നിർമ്മാണ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ തുടക്കം മുതൽ തന്നെ സമരരംഗത്തുണ്ട് . അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകൾ മൂലം അപകങ്ങൾ പതിവായതോടെ നാട്ടുകാർ നിർമ്മാണം തടയുകയും പൊതുമരാമത്ത് വകുപ്പ് വിജിലിൻസ് അന്വേഷണം നടത്തുകയും ചെയ്തതോടെ ആറ് മാസമായി പണികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്​റ്റ് 14 ന് ഇവിടെയുണ്ടായ ബൈക്ക് അപകടത്തിൽ വള്ളിക്കോട് മൂശാരേത്ത് വീട്ടിൽ യദുകൃഷ്ണന് തലയ്ക്ക് ഗുരുതരമായി പരിക്കേ​റ്റിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിക്കുകയും വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എസ്​റ്റിമേ​റ്റിൽ ഇവിടെ ടാറിംഗാണ് പറഞ്ഞിരുന്നതെങ്കിലും ഇന്റർലോക്ക് കട്ടകൾ പാകാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.

ടാറിംഗ് അന്ത്യശാസനം കഴിഞ്ഞ് 50-ാം ദിനം

വള്ളിക്കോട് അപകട മേഖലയിലെ ഇന്റർലോക്ക് കട്ടകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ആഗസ്​റ്റ് 27ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനുവിന് കർശന നിർദേശം നൽകിയിരുന്നു. ഇന്റർലോക്ക് പറഞ്ഞ സമയത്തിനുള്ളിൽ നീക്കം ചെയ്തെങ്കിലും ടാറിംഗ് നടത്തിയത് 50-ാം ദിവസമാണ്.