1
കുന്നന്താനം സ്വരാജ് ഗ്രന്ഥശാല.

മല്ലപ്പള്ളി :75ന്റെ നിറവിൽ കുന്നന്താനം സ്വരാജ് ഗ്രന്ഥശാല. 1947 ഒക്ടോബർ 24 ന് ആരംഭം കുറിച്ചു. ഭാരതം സ്വരാജ് നേടിയതിന്റെ സ്മരണയ്ക്കായാണ് സ്വരാജ് എന്ന പേരു നൽകിയത്. കുന്നന്താനം ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഹൈന്ദവ യുവജന സമാജമാണ് ഈ വായനശാലയുടെ രൂപീകരണത്തിനു പിന്നിൽ. ഹൈന്ദവ യുവജന സമാജത്തിന്റെ അന്നത്തെ പ്രവർത്തകർ ചിട്ടി നടത്തിയും കഥാപ്രസംഗം നടത്തിയും സമാഹരിച്ച തുകയാണ് ലൈബ്രറി സ്ഥാപനത്തിനായി വിനിയോഗിച്ചത്. കുന്നന്താനം ശ്രീരാമവിലാസം കരയോഗം നൽകിയ രണ്ടു സെന്റ് സ്ഥലത്താണ് താല്ക്കാലിക കെട്ടിടം പണിത് ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കരയോഗം മൂന്ന് സെന്റ് സ്ഥലം കൂടി നൽകി അഞ്ച് സെന്റ് സ്ഥലത്ത് ഇപ്പോഴത്തെ കെട്ടിടം പണി തീർത്തു. ഇപ്പോൾ പതിനായിരത്തോളം പുസ്തകങ്ങളും 510 മെമ്പർമാരുമുണ്ട്. ആദ്യത്തെ പ്രസിഡന്റ് അല്ലിമംഗലം എം.കെ മാധവൻ നായരും, സെക്രട്ടറി ചക്കാലയ്ക്കൽ സി.കെ രാമകൃഷ്ണക്കുറുപ്പും, ട്രഷറർ എം.എസ് കൃഷ്ണൻ നായരുമായിരുന്നു. ഇപ്പോൾ ജി.വിജയകൃഷ്ണൻ പ്രസിഡന്റും, സി.എസ് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ സെക്രട്ടറിയുമായ കമ്മിറ്റി പ്രവർത്തിക്കുന്നു. താലൂക്ക് റഫറൽ ലൈബ്രറിയാണ്. ഇപ്പോൾ മഹാകവി ജി.ശങ്കരക്കുറൂപ്പ്, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, എം.പി മന്മഥൻ, വിഷ്ണുനാരായണൻ നമ്പൂതിരി, പി.എൻ പണിക്കർ, തുടങ്ങിയ പ്രഗത്ഭർ വായനശാലയുടെ ആദ്യകാല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 75 വർഷം പിന്നിടുന്നതിന്റെ ഭാഗമായി 9 ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് ഗ്രന്ഥശാല സംഘാടക സമിതി സംഘടിപ്പിച്ചിട്ടുള്ളത്.