പത്തനംതിട്ട : ജില്ലയുടെ വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബൽ ഓഫീസും ചേർന്ന് ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക ആധാർക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തിൽ നടത്തിയ ക്യാമ്പിൽ കുട്ടികളടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പരമാവധി ആളുകൾക്ക് ആധാർ കാർഡ് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. മൂഴിയാർ,ഗവി വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരെ വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാർ ക്യാമ്പിലെത്തിച്ചത്. ജില്ലാ അക്ഷയ പ്രൊജക്ട് മാനേജർ കെ.ധനേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രൈബൽ ഓഫീസർ എസ്.എസ്.സുധീർ, അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോ - ഓർഡിനേറ്റർ എസ്. ഷിനു, അക്ഷയ പ്രതിനിധി സജികുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ട്രൈബൽ പ്രമോട്ടർ സജിത്ത്, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനപാലകർ തുടങ്ങിയവർ ആവശ്യമായ സഹായങ്ങളൊരുക്കി നൽകി.