money

പ്രമാടം: പത്തനംതിട്ട പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പരുവേലി തോട് പാലത്തിൽ ഒരു കുട്ടിച്ചാക്ക് നിറയെ പണവും സെറ്റ് സാരിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് നാടിനെ രണ്ടുമണിക്കൂറോളം പരിഭ്രാന്തിയിലാഴ്ത്തി. ദുർമന്ത്രവാദികൾ ഉപേക്ഷിച്ചതാണോ, മോഷണമുതലാണോ എന്നൊക്കെയുള്ള അഭ്യൂഹം പരക്കുന്നതിനിടെ മാലിന്യ ചാക്കെന്ന് കരുതി തള്ളിയതാണെന്ന അവകാശവാദവുമായി ക്ഷേത്ര പൂജാരി എത്തിയതോടെ പരിഭ്രാന്തി ആശ്വാസത്തിന് വഴിമാറി.

ഇന്നലെ രാവിലെ എട്ടോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. തൊഴിലുറപ്പുപണിക്ക് പോയ മൂന്ന് സ്ത്രീകളാണ് പാലത്തിന്റെ കൈവരിക്ക് സമീപം വീതിയുള്ള കസവുകരയും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്ത സെറ്റുസാരി കണ്ടത്. സമീപത്ത് ഒരു ചാക്കുകെട്ടും. ഇത് തുറന്നുനോക്കിയപ്പോൾ പത്ത്, ഇരുപത്, അൻപത്, നൂറ് രൂപകളുടെ നിരവധി നോട്ടുകൾ.

ഇലന്തൂർ നരബലി വിവരങ്ങൾ പുറത്തുവന്ന സമയമായതിനാൽ ഭയന്നുപോയ സ്ത്രീകൾ വാർഡ് മെമ്പർ ലിജാ ശിവപ്രകാശിനെ വിവരമറിയിച്ചു. അവർ പൊലീസിനെ ബന്ധപ്പെട്ടു. ഭിക്ഷാടകരെ കൊലപ്പെടുത്തിയശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നും ക്ഷേത്ര കവർച്ചയാകാമെന്നും ദുർമന്ത്രവാദത്തിന്റെ ദക്ഷിണയും അതിന് ഉപയോഗിച്ച സാരിയുമാകാമെന്നുമൊക്കെ പലതരം കഥകൾ അതിനിടെ പരന്നു.

അപ്പോഴേക്കും പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ താമസക്കാരനായ കോന്നി മഠത്തിൽക്കാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്തിന്റേതാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണം നഷ്ടമായ സുജിത് രാവിലെ കോന്നി പൊലീസിൽ പരാതി നൽകിയിരുന്നു. കാറിൽ ഉപേക്ഷിക്കാനായി വച്ചിരുന്ന മാലിന്യച്ചാക്കാണെന്ന് കരുതി പണമടങ്ങിയ ചാക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ദക്ഷിണയും സാരിയുമാണെന്നും വ്യക്തമാക്കി. സത്യാവസ്ഥ ബോധ്യപ്പെട്ടതിനാൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തില്ല.