kaviyoor
ജലജീവൻ പദ്ധതിയുടെ രണ്ടാഘട്ട പ്രവർത്തന ഉദ്ഘാടനം കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി. ദിനേശ് കുമാർ നിർവഹിക്കുന്നു

തിരുവല്ല: കവിയൂർ പഞ്ചായത്തിൽ എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യത്തോടെ 7.07 കോടി രൂപയുടെ ജലജീവൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഈ പദ്ധതിയിൽ പുതിയതായി 2,489 ഗാർഹിക കണക്ഷൻ സൗജന്യമായി നൽകും. ഇതിന്റെ ഭാഗമായി പൂവക്കാലയിൽ പുതിയ മോട്ടോറും ജലസംഭരണിയും സ്ഥാപിക്കും. ഇലവിനാൽ മലയിലെ ലോവൽ ടാങ്ക് പ്രവർത്തന സജ്ജമാക്കുന്നതിന് ഉൾപ്പെടെയാണ് ഈ തുക വിനിയോഗിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തനരഹിതമായ ഇലവിനാൽ മലയിലെ ലോ ലവൽ ടാങ്കിന് മൂന്നുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഇത് പ്രവർത്തനം ആരംഭിച്ചാൽ കവിയൂരിലെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരം കാണാൻ സാധിക്കും. റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്. ഫണ്ട് അനുവദിച്ച പദ്ധതിയുടെ കരാർ ജോലികൾ കൊല്ലം സ്വദേശി ഏറ്റെടുത്തു. ഒന്നര വർഷത്തെ കരാർ, കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു. ഒന്നാംഘട്ടത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് 1,270 ഗാർഹിക കണക്ഷനുകൾ നൽകിയതായി കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ പറഞ്ഞു.

രണ്ടാഘട്ട പ്രവർത്തന ഉദ്ഘാടനം

ജലജീവൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തന ഉദ്ഘാടനം കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ഗോപി അദ്ധ്യക്ഷയായി. വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയർ വത്സലകുമാരി, അസി. എൻജിനീയർ രാംജിത്ത് കൃഷ്ണൻ, എന്നിവർ പദ്ധതിയുടെ വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, സിന്ധു വി.എസ്, അനിതാ സജി, സിന്ധു ആർ.സി.നായർ, രാജശ്രീ. കെ.ആർ, സി.ഡി.എസ് ചെയർപേഴ്സൺ ശാന്തമ്മ ശശി, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.