കോഴഞ്ചേരി: കോഴഞ്ചേരി സബ്‌സ്റ്റേഷന് കീഴിലുള്ള ചെറുകോൽ വാഴക്കുന്നം ട്രാൻസ്‌ഫോർമർ പരിധിയിലെ വൈദ്യുതി ലൈനിൽ അധിക വോൾട്ടേജ് പ്രവാഹിച്ചതിനെ തുടർന്നുണ്ടായത് വൻ നഷ്ടം. ഉപഭോക്താക്കളുടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച വൈകിട്ട് 4.30 നോടെയാണ് അമിത വൈദ്യുത പ്രവാഹമുണ്ടായത്. രണ്ട് ലൈനുകൾ തമ്മിൽ കൂടിച്ചേർന്നതിനെ തുടർന്നുണ്ടായ അധിക പ്രവാഹത്തെ തുടർന്ന് ഉപഭോക്താക്കളുടെ ടി വി ,ഫ്രിഡ്ജ് , എൽ.ഇ.ഡി ബൾബുകൾ , വൈഫൈ മോഡം ,വൈദ്യുത ഫാനുകൾ ,മോട്ടോർ പമ്പുകൾ , ഇൻവർട്ടറുകൾ എന്നിവ നശിച്ചു. വാഴക്കുന്നത്ത് പെട്രോൾ പമ്പിൽ സ്റ്റബിലൈസർ യൂണിറ്റുകൾ കത്തിനശിച്ച് അൻപതിനായിരം രൂപയോളം നഷ്ടം വന്നതായി ഉടമ അറിയിച്ചു. അക്ഷയ കേന്ദ്രത്തിൽ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ കത്തിനശിച്ചതിനെ തുടർന്ന് ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.