പത്തനംതിട്ട: മലയാലപ്പുഴയിൽ ദുർമന്ത്രവാദ ചികിത്സയുടെ പേരിൽ അറസ്റ്റിലായ വാസന്തിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങളിലെ ഇരയായ യുവതി നൽകിയ മൊഴിയെ തുടർന്ന് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

നേരത്തെയുള്ള കേസിൽ വാസന്തിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. രണ്ടാമതൊരു കേസ് കൂടി ഇവർക്കെതിരേ എടുത്തതിനാൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന - 52) യെയും സഹായി ഉണ്ണിക്കൃഷ്ണനെ (31)യും വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

മഠത്തിലെ ജോലിക്കായെത്തിയ യുവതിയ്ക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന യുവതി ഇലന്തൂർ സ്വദേശിയാണ്. പ്രേതബാധ ഒഴിപ്പിക്കാൻ തന്റെ പക്കൽ നിന്ന് 50,000 രൂപ ആവശ്യപ്പെട്ടതായും യുവതി പരാതിയിൽ പറയുന്നു. വാസന്തി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ആ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

വിഷാദ രോഗത്തിനും പഠന വൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരൻ പൂജകൾക്കിടെ താഴെ വീണ് അലറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും. കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തതോടെ വാസന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരേ വിവിധ സ്ഥലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. മഠത്തിന്റെ വളപ്പിൽ കയറിയ കുട്ടികളടക്കമുള്ളവരെ നായയെ തുറന്നുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതടക്കം പരാതിയുണ്ട്. ബാലവകാശ കമ്മിഷനിലടക്കം പരാതികൾ ലഭിച്ചിട്ടുള്ളതായാണ് സൂചന.