photo

പ്രാകൃത മനുഷ്യസമൂഹത്തിൽ കാണപ്പെട്ട ആചാരമായാണ് നരബലി ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിലും, ഗ്രീസ്, അമേരിക്ക, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിലും ഇൻഡ്യയിലും ചൈനയിലും ദേവപ്രീതിക്കെന്ന പേരിൽ നരബലികൾ നടന്നിട്ടുണ്ട്. ആധുനിക ലോകത്ത് പരിഷ്കൃതസമൂഹങ്ങളിൽ നിന്നകന്നു നിൽക്കുന്ന അതീവ പിന്നാക്ക മേഖലകളിൽ നരബലികൾ ഇപ്പോഴും ആചാരത്തിന്റെ ഭാഗമാണ്. ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വികസനവും പരിഷ്കാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ നരബലികൾ ഇൗ നൂറ്റാണ്ടിലും അരങ്ങേറി. ഏറ്റവും അവസാനം നരബലി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിച്ചത് മഹാരാഷ്ട്രയിലാണ്. ആധുനിക ഇന്ത്യയിൽ 2003 നും 2013നും ഇടയിൽ മൂന്ന് നരബലികൾ നടന്നതായാണ് റിപ്പോർട്ട്. ഇൗ മൂന്നു കേസുകളിലും കൊല്ലപ്പെട്ടത് പുരുഷൻമാരാണ്. ദേവതകളുടെ പ്രീതിയ്‌ക്കായി മനുഷ്യരെയും മൃഗങ്ങളെയും ബലികൊടുക്കുന്ന കാടത്തം അവിടം കൊണ്ട് അവസാനിച്ചിട്ടില്ല . ഇന്ത്യയിൽ മറ്റൊരു നരബലി പുരോഗമന കേരളത്തിലാണ് സംഭവിച്ചത്. രണ്ട് സ്ത്രീകളെ മാംസത്തുണ്ടങ്ങളായി വെട്ടിനുറുക്കി നരബലിയും നരഭോജനവും നടന്നത് സാംസ്കാരികമായും ചരിത്രപരമായും പെരുമനേടിയ പത്തനംതിട്ടയിലെ ഇലന്തൂർ എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസവും വിവരവുമുണ്ടെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ച ഭഗവൽസിംഗ് അതിന് കാർമ്മികനായെന്ന കാര്യം ഞെട്ടൽ വർദ്ധിപ്പിക്കുന്നു.

വിവിധ മതങ്ങളുടെ ആചാരങ്ങളുടെ മറവിൽ ഇത്തരം കൊടുംക്രൂരതകൾ അരങ്ങേറുന്നുണ്ട്. അവനവനിലെ ആത്മപ്രകാശത്തെ പ്രോജ്ജ്വലിപ്പിക്കുന്നവർ ആരും ഇത്തരം ക്രൂര ആഭിചാരകർമ്മങ്ങളെ പ്രോത്സാഹിപ്പിക്കില്ല. സംസ്കാരങ്ങളുടെയും മതങ്ങളുടെയും പരിഷ്കരണങ്ങൾക്ക് അതത് കാലങ്ങളിലെ ആചാര്യൻമാർ താത്വികവും പ്രായോഗികവുമായ ദർശനങ്ങൾ കൊണ്ടുവരാറുണ്ടെങ്കിലും മുഹമ്മദ് ഷാഫിമാരെപ്പോലെ മാനസിക വൈകൃതം ബാധിച്ച നരാധമന്മാർ ചിലയിടങ്ങളിലെങ്കിലും പൊങ്ങിവരാറുണ്ട്.

മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വേർതിരിച്ചറിയാനുള്ള വിവേക ബുദ്ധിയില്ലാതെ വരുമ്പോഴാണ് മനുഷ്യർ ആഭിചാരകർമ്മങ്ങൾക്ക് കീഴ് പ്പെടുന്നതെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ഇലന്തൂരിൽ ഇരകളാക്കപ്പെട്ടവർ അങ്ങനെയുള്ളവരാണെന്ന് പൂർണമായും വിശ്വസിക്കാൻവയ്യ. സമ്പത്തും ഐശ്വര്യവും ആർജിക്കാനുള്ള മനുഷ്യന്റെ ആർത്തിക്ക് അന്തമില്ലാതെ വരുമ്പോൾ പിഴച്ച വഴിയേ തെളിച്ചു കൊണ്ടുപോകാൻ ഷാഫിമാരുണ്ടാകും. റോസ്‌ലിക്കും പദ്മയ്ക്കും സംഭവിച്ചത് അടുത്ത ഇരകളിലേക്കു നീളാതെ അവസാനിപ്പിക്കാൻ കഴിഞ്ഞ പൊലീസിന്റെ സമയോചിതമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നു.

വഴിപിഴച്ച

നവോത്ഥാനം

' മനുഷ്യനാകണം, മനുഷ്യനാകണം... ' എന്ന വിപ്ലവഗീതം ഉറക്കെപ്പാടുന്ന കേരളത്തിന്റെ നവോത്ഥാനമുഖത്തിന് ഇവിടത്തെ ജനതയെ എത്രത്തോളം സ്വാധീനിക്കാനാവുന്നു എന്ന ചോദ്യമാണ് നരബലിയും നരഭോജനവും മന്ത്രവാദങ്ങളും ഉയർത്തുന്നത്. ഇലന്തൂരിലെ നരബലിയിൽ മനുഷ്യമനസ് മരവിച്ചു നിൽക്കുമ്പോഴാണ് ഏതാണ്ട് പതിന്നാല് കിലോമീറ്റർ അപ്പുറത്ത് മലയാലപ്പുഴയിൽ നിന്ന് മന്ത്രവാദിനിയുടെ ഞെട്ടിക്കുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരെ നാട്ടുകാർ പ്രതികരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ, പൊതുരംഗത്ത് ഉന്നതശ്രേണിയിൽ നിൽക്കുന്നവർ മന്ത്രവാദിനിയുടെ സംരക്ഷകരായി രംഗത്തുവന്നതും പരാതികളില്ലാത്തതും പൊലീസിനെ പിന്തിരിപ്പിച്ചു.

മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അകത്ത് നടക്കുന്ന ദുർമന്ത്രവാദങ്ങളും മരണങ്ങളും വെളിച്ചത്തുകൊണ്ടുവരാൻ ഭരണകൂടങ്ങൾ ഭയക്കുന്നതുകൊണ്ട് ഇരകളാക്കപ്പെടുന്നവരുടെ നിലവിളികൾക്ക് ശബ്ദമില്ലാതാകുന്നു.

മന്ത്രവാദചികിത്സയ്ക്ക് ഇസ്ളാംമതം അനുവാദം നൽകിയിട്ടില്ല. എന്നാൽ ഇസ്ളാം മതത്തിലെ ദുർമന്ത്രവാദികൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. കഷ്ടതകൾക്കും രോഗശമനത്തിനും ഒാതിക്കലും ഒഴിപ്പിക്കലും നടത്തുന്നു. ഇതൊന്നും ഇസ്ളാമുമായി ബന്ധപ്പെട്ടതല്ലെന്ന പണ്ഡിതന്മാരുടെ വാക്കുകളെ ഒരുവിഭാഗം ഇപ്പോഴും വിശ്വസിക്കുന്നില്ല. കടുത്ത രോഗത്താൽ പ്രാണനുവേണ്ടി മല്ലിടുന്നവരോടും പ്രാർത്ഥനയിലൂടെ മാത്രം രോഗശാന്തി എന്നു കൽപ്പിക്കുന്ന ഉപദേശിമാർ മന്ത്രവാദികളുടെ വേഷപ്പകർച്ചകളായി ക്രൈസ്തവ വിഭാഗത്തിലുമുണ്ട്. ഇത്തരം ദുർമന്ത്രവാദങ്ങളെ ചെറുക്കുന്നതിന് ധൈര്യപ്പെടാതെ പുരോഗമന വാദികൾ പൊതുജനമദ്ധ്യത്തിൽ നവോത്ഥാനം വിളമ്പുന്നു.

നാടിന്റെ ആത്മാവായ ഗ്രാമങ്ങളിൽ ഡ്രാക്കുള കോട്ടകൾ ഉയരുന്നത് ഭരണകൂടവും അധികാരവാതിൽ സ്വപ്നം കാണുന്നവരും കണ്ടില്ല. നരബലിയുടെയും ദുർമന്ത്രവാദത്തിന്റെയും പശ്ചാത്തലത്തിൽ നാടുനീളെ നവോത്ഥാനം കർട്ടനുയർത്തുന്നു. ആചാരങ്ങൾ പൊളിക്കാനല്ല, അനാചാരങ്ങളുടെ കോലങ്ങളെ ചാരമാക്കുന്നതാകണം നവോത്ഥാനത്തിന്റെ തീപ്പന്തം.