മല്ലപ്പള്ളി: സഞ്ചാരികളെ മാടിവിളിക്കുകയാണ് തേലപ്പുഴക്കടവ്. അതുകൊണ്ടുതന്നെ മണിമലയാറ്റിലെ ശാസ്താംകോയിക്കൽ തേലപ്പുഴക്കടവും അവിടുത്തെ തൂക്കുപാലവും സഞ്ചാരികൾക്ക് ഏറെ പ്രിയമാകുകയാണ്. പ്രദേശത്തെ ശാന്തസുന്ദരമായ കാഴ്ചകളാണ് ഏറെ ആകർഷകം. പുറത്തുനിന്നെത്തുവർ കാഴ്ചകണ്ട് പുഴയിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നതും പതിവാണ്.ഇപ്പോൾ പുഴ ഇരുകരമുട്ടി ഒഴുകുന്നുണ്ടെങ്കിലും സന്ദർശകരുടെ എണ്ണത്തിൽ കുറവില്ല. സമീപജില്ലകളിലെ ഏറ്റവും വലിയ തൂക്കുപാലവും ഇതുതന്നെ.പൂർണമായി ഇരുമ്പു കയറുകളിലും കമ്പികളിലും നിർമ്മിച്ച തൂക്കുപാലത്തിൽ കയറാനും ദൃശ്യങ്ങൾ പകർത്താനും എത്തുന്നത് ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള നിരവധിയാളുകളാണ്.ജലനിരപ്പ് താഴ്ന്നാൽ മണൽപ്പരപ്പും ഉല്ലാസയാത്രക്കും ഫോട്ടോയെടുക്കുന്നതിനും അനുയോജ്യമാണ് പ്രദേശം. തൂക്കുപാലത്തിൽ നിന്നും സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനും ആറ്റിലെ നീരാട്ടിനുമാണ് മിക്ക സഞ്ചാരികളും എത്തുന്നത്. നിശ്ചിത എണ്ണം ആളുകൾ മാത്രമെ ഒരു സമയം പാലത്തിൽ കയറാവൂ എന്ന് നിബന്ധനയുണ്ടെങ്കിലും സഞ്ചാരികൾ ഇത് പാലിക്കാറില്ല. ഇരുകരകളിലുമായി ഇടതൂർന്ന് നില്ക്കുന്ന മുളങ്കൂട്ടങ്ങളും, മണൽപ്പരപ്പിന്റെ ഒരു ഭാഗത്ത് പെരുമ്പാറ ശുദ്ധജല പദ്ധതിയുടെ 110 അടി ഉയരത്തിൽ നില്ക്കുന്ന പമ്പിംഗ് കിണറും, മറുകരയിലെ മനോഹരമായ കൽപ്പടവുകളുമൊക്കെ മനം കവരുന്ന കാഴ്ചകളാണ്.
ജനുവരി മുതൽ മേയ് മാസം വരെ സഞ്ചാരികൾ
ജനുവരി മുതൽ മേയ് മാസം വരെ സഞ്ചാരികൾ കൂടുതലായി എത്തുന്നത്. ജൂൺ മാസം മുതൽ എണ്ണത്തിൽ കുറവുണ്ടെങ്കിലും വരവ് പൂർണമായി നിലയ്ക്കാറില്ല. പുഴയിൽ ഇറങ്ങി ആവേശത്തിലാകുമ്പോഴാണ് പലരും കയത്തിലും ഇടിമണലിലും അകപ്പെടുത്തത്. അപകട മുന്നറിയിപ്പ് ബോർഡ് പ്രവേശന കവാടത്തിന് ഗേറ്റിന് സമീപത്തായി ഉണ്ടെങ്കിലും 44 ജീവനുകളാണ് ഇവിടെ ഇതുവരെ പൊലിഞ്ഞത്. ഇതിൽ ഏറിയപങ്കും 25 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്.
..............
ഇരുകരകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ വരവ് ദിവസവും കൂടുന്നുണ്ട്. ലൈഫ് ഗാർഡുകളുടെ ആവശ്യം അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
അഭിലാഷ് എണ്ണച്ചേരി
(പ്രദേശവാസി)
-പൊലിഞ്ഞത് 44 ജീവനുകൾ
-അപകടത്തിൽപ്പെട്ടത് ഏറെയും യുവാക്കൾ
-പുഴയിലെ കുഴികളിൽ ഇടിമണലുകൾ