മല്ലപ്പള്ളി : പ്രളയത്തിൽ വെണ്ണിക്കുളത്തെ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നിട്ട് ഒരു വർഷം തികഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത്തിൽ കേരള കോൺഗ്രസ് പുറമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെണ്ണിക്കുളം പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. കോമളത്ത് പുതിയ പാലത്തിന്റെ നിർമ്മാണം അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തിൽ അടിയന്തരമായി അപ്രോച്ച് റോഡ് പുന:സ്ഥാപിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളെ ബന്ദികളാക്കി സർക്കാരും എം.എൽ.എയും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് മോനി കച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ഷാജൻ മാത്യു, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അക്കാമ്മ ജോൺസൺ, ജില്ലാ സെക്രട്ടറിമാരായ ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ,ജോർജ് വറുഗീസ് തുണ്ടിയിൽ , ബ്ലോക്ക് പഞ്ചായത്തംഗം ലൈല അലക്സാണ്ടർ,പഞ്ചായത്ത് അംഗങ്ങളായ ജൂലി കെ.വർഗീസ്,അജികുമാർ,സജി ഡേവിഡ്, എസ്.വിദ്യാ മോൾ, ഭാരവാഹികളായ എം.വി.കോശി, ഷാജി അലക്സ്,കുഞ്ഞച്ചൻ തോണ്ടക്കരോട്ട് എന്നിവർ പ്രസംഗിച്ചു.