പെരിങ്ങനാട് : സാമൂഹിക ഉത്തരവാദിത്വം തന്റെ കടമയാണെന്ന ബോധം ഓരോ വിദ്യാർത്ഥിയിലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. കേരളകൗമുദി - ഫിനോ വെസ്റ്റ് ഗ്രൂപ്പ് , ജില്ലാ വിമുക്തി മിഷനും സംയുക്തമായി പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബോധ പൗർണമി ലഹരി വിമുക്ത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമൂഹത്തോട് യാതൊരു പ്രതിബന്ധതയുമില്ലാതെ അവനവനിസത്തിലേക്ക് ചുരുങ്ങുന്ന ഒരുസമൂഹം കൂടി വരുകയാണ്. ഇത് മാറണം. ലഹരി വസ്തുക്കളുമായി ലാഭക്കണ്ണുകളുമായി പറന്നിറങ്ങുന്ന കഴുകൻ ചുണ്ടുകൾക്ക് മുൻപിൽ അകപെട്ടു പോകുന്ന ബാല്യങ്ങളേറെയും ഈ വിഭാഗത്തിൽ പെടുന്നവരാണ് എന്നതാണ് സങ്കടകരം. സ്കൂളുകളിലെ എസ്.പി.സി , മറ്റ് വിവിധ ക്ലബ്ബുകൾ തുടങ്ങിയവ വിദ്യാർത്ഥികളെ സാമൂഹിക ഉത്തരവാദിത്വമുള്ളവരാക്കാൻ പര്യാപ്തമാണ്. ലഹരി ഉപയോഗം കുട്ടികളിൽ കണ്ടെത്തിയാൽ മാതാപിതാക്കൾ സർക്കാർ സംവിധാനങ്ങളിലുള്ള കൗൺസലിംഗ് സംവിധാനങ്ങൾ ഉപയോഗിക്കണം. കുട്ടികളിൽ ചെറിയ സ്വഭാവ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് പോലും രക്ഷകർത്താക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണം.
ഇപ്പോൾ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന പാഠപുസ്തകം, യൂണിഫോം, മറ്റ് പഠന സൗകര്യങ്ങൾ എന്നിവ സൗജന്യമാണ്. ഒരർത്ഥത്തിൽ ഇത് സൗജന്യമല്ലെന്നും ഉത്തമ പൗരൻമാരായി മികച്ച സേവനമായി ഇതൊക്കെ സമൂഹത്തിന് തിരിച്ച് നൽകേണ്ടതാണെന്നും അതിനായി ലഹരി വിമുക്ത - സാമൂഹിക പ്രതിബന്ധതയുള്ള സമൂഹമായി നമ്മുടെ കുഞ്ഞുങ്ങൾ വളരണമെന്നും അവർ പറഞ്ഞു. പ്രിൻസിപ്പൽ സുധ.കെ അദ്ധ്യക്ഷയായി. പി.ടി.എ.പ്രസിഡന്റ് ജി.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. കേരളകൗമുദി ലേഖകൻ ജയൻ ബി.തെങ്ങമം വിശദീകരണം നൽകി. പറക്കോട് എക്സൈസ് ഇൻസ്പെക്ടർ കാർത്തിക.ആർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് രാഹുലാ ദേവി, സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ , ഫിനോ വെസ്റ്റ് ഗ്രൂപ്പ് പ്രതിനിധി ശ്രീറാം, മുൻ അദ്ധ്യാപിക ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പങ്കെടുത്തു.