jayaraman

ശബരിമല: കണ്ണൂർ തളിപ്പറമ്പ് മലപ്പട്ടം കീഴുത്രിൽ ഇല്ലത്ത് കെ. ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. മാളികപ്പുറത്ത് കോട്ടയം വൈക്കം പടിഞ്ഞാറ്റുംചേരി ഇണ്ടംതുരുത്തിമനയിൽ ഹരിഹരൻ നമ്പൂതിരിയാണ് മേൽശാന്തി. പത്ത് പേരുള്ള ലിസ്റ്റിൽ ഏഴാമത്തെ പേരുകാരനായിരുന്ന ജയരാമൻ നമ്പൂതിരിക്ക് ഏഴാമത്തെ നറുക്കിലാണ് ദേവഹിതം അനുകൂലമായത്. കണ്ണൂർ ചൊവ്വ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്.

മാളികപ്പുറത്തെ ലിസ്റ്റിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. ആറാമത്തെ നറുക്കിലാണ് ലിസ്റ്റിൽ അഞ്ചാംസ്ഥാനത്തായിരുന്ന ഹരിഹരൻ നമ്പൂതിരിക്ക് നറുക്കുവീണത്. ടി.വി പുരം തിരുമണി വെങ്കിടപുരം ശ്രീരാമക്ഷേത്രത്തിൽ മേൽശാന്തിയാണ്.

പന്തളം കൊട്ടാരത്തിലെ കുട്ടികളായ കൃത്തികേശ് വർമ്മ സന്നിധാനത്തും പൗർണ്ണമി ജി. വർമ്മ മാളികപ്പുറത്തും നറുക്കെടുത്തു. ഇന്നലെ രാവിലെ ഉഷഃപൂജാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് നറുക്കെടുപ്പ് ആരംഭിച്ചത്. വെള്ളിക്കുടത്തിൽ മേൽശാന്തി പട്ടികയിലുള്ളവരുടെ പേര് രേഖപ്പെടുത്തിയ കടലാസ് ചുരുളുകൾ നിക്ഷേപിച്ച് തന്ത്രി കണ്ഠര് രാജീവരര് വെള്ളിക്കുടം അടച്ച് ശ്രീകോവിലിനുള്ളിൽ എത്തിച്ച് പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് ഭാസ്‌കരൻ,സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.