
ശബരിമല : വെള്ളക്കരം കുടിശിക വരുത്തിയതുനെ തുടർന്ന് പമ്പയിലെ ജലവിതരണം ജലവിഭവവകുപ്പ് നിറുത്തിവെച്ചു. ശുചി മുറികൾ, ദേവസ്വം ബോർഡ് ഓഫീസുകൾ, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലെ ജലവിതരണം തടസപ്പെട്ടു. 17.12 കോടി രൂപയാണ് ദേവസ്വം ബോർഡ് നൽകാനുള്ളത്. 2017 മുതലുള്ള കുടിശിക 19.12 കോടി ആയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ദേവസ്വം ബോർഡ് കുടിശികയിൽ 2 കോടി അടച്ചിരുന്നു. കുടിശിക ഒടുക്കിയില്ലെങ്കിൽ ജലവിതരണം നിർത്തിവയ്ക്കുമെന്ന് ദേവസ്വം മന്ത്രി എസ്.രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ജലവിഭവ വകുപ്പ് അറിയിച്ചതാണ്. എന്നാൽ ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് മൗനം തുടർന്നതോടെയാണ് ജലവിഭവ വകുപ്പ് കർശന നടപടി സ്വീകരിച്ചത്.
തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വിഷയത്തിൽ ഇടപെട്ടു. അഞ്ചു ദിവസത്തിനുള്ളിൽ പണം അടയ്ക്കാമെന്ന് ഉറപ്പു നൽകി. ഇതേ തുടർന്ന് ജലവിതരണം പുനഃസ്ഥാപിച്ചു. കുടിശിക പകുതിയെങ്കിലും അടച്ചില്ലെങ്കിൽ ജലവിതരണം വീണ്ടും നിറുത്തിവയ്ക്കുമെന്ന് ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
തുലാമാസ പൂജകൾക്കായി നട തുറന്ന ഇന്നലെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജലവിതരണം തടസപ്പെട്ടതോടെ തീർത്ഥാടകർ ദുരിതത്തിലായി.