 
പള്ളിക്കൽ : കേരള കയർ വികസന വകുപ്പിൽ നിന്ന് ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം വാങ്ങി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തികൾ ചെയ്തതിന്റെ പുരസ്കാരം പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് ലഭിച്ചു . 50000 സ്ക്വയർ മീറ്റർ ലക്ഷ്യമിട്ട സ്ഥാനത്ത് ഒരു ലക്ഷത്തി പതിനായിരം സ്ക്വയർ മീറ്റർ കയർ ഭൂവസ്ത്രം ഉപയോഗിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികൾ പ്രവർത്തികൾ നടത്തിയത്. 64,750 തൊഴിൽ ദിനങ്ങളാണ് ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന കയർ ഭൂ വസ്ത്ര സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.തുളസിധരൻപിള്ളയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, സെക്രട്ടറി ടി.എസ്.സജീഷ്, പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.