sabarimala

ശബരിമല : തുലാമാസ പൂജകൾക്കായി നടതുറന്ന ഇന്നലെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കോരിച്ചൊരിയുന്ന മഴയും കടുത്ത മൂടൽ മഞ്ഞും അവഗണിച്ച് നൂറുകണക്കിന് ഭക്തർ രാത്രിതന്നെ സന്നിധാനത്ത് എത്തി. പുലർച്ചെ നടതുറന്നപ്പോൾ ഭക്തരുടെ നീണ്ടനിര സന്നിധാനം ഫ്ളൈ ഓവറും താഴെ തിരുമുറ്റവും നടപന്തലും പിന്നിട്ട് ജ്യോതിർ നഗറിലേക്ക് നീണ്ടു. പുലർച്ചെ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തന്ത്രി കണ്ഠര് രാജീവരരുടെ നേതൃത്വത്തിൽ ഗണപതിഹോമം നടന്നു. തുടർന്ന് നെയ്യഭിഷേകം ആരംഭിച്ചു. അഷ്ടാഭീഷേകത്തിനും ഉഷ:പൂജയ്ക്കും ശേഷം സന്നിധാനത്തെയും മാളികപ്പുറത്തേയും മേൽശാന്തി നറുക്കെടുപ്പ് നടന്നു. ഉദയാസ്തമനപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും ആരംഭിച്ചു. മാസപൂജാ ചടങ്ങുകൾ പൂർത്തിയാക്കി 22ന് നട അടയ്ക്കും. സന്നിധാനത്തും പമ്പയിലും നിലക്കലിലും തീർത്ഥാടനത്തിന് മുന്നോടിയായുളള ഒരുക്കങ്ങൾ ആരംഭിച്ചു. നീലിമല - അപ്പാച്ചിമേട് - മരക്കൂട്ടം പാതയിൽ കരിങ്കൽ പാളികൾ പാകുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഒരുക്കങ്ങൾ നടക്കുന്നത്.