 
ഏനാത്ത് : വലിയ ശബ്ദത്തോടെ കാറിലിടിച്ച് ടാങ്കർ ലോറി നിയന്ത്രണംവിട്ട് ഇടിച്ച് മറിഞ്ഞ് ടാങ്കറിൽ നിന്നും ഇന്ധനചോർച്ച ഉണ്ടായതോടെ നാട്ടുകാർ ഭയപ്പാടിലായി. പൊലീസിനേയും അഗ്നിരക്ഷാസേനയേയും മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തി. വളരെ ചടുലമായ പ്രവർത്തനങ്ങളാണ് ഇരു ടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായത്. ഇത് വലിയ ദുരന്തം ഒഴിവാക്കാനായി. ടാങ്കറിന്റെ തൊട്ടുപിറകിൽ വാഹനം ഇല്ലാതിരുന്നതും അപകടത്തിന്റെ ആക്കംകുറച്ചു. ടാങ്കറിനുള്ളിൽ 12,000 ലിറ്റർ പെട്രോളുണ്ടെന്ന് മനസിലാക്കിയതോടെ പൊലീസും അഗ്നിരക്ഷാ സേനയും ഞൊടിയിടകൊണ്ട് വടക്കടത്തുകാവിലും ഏനാത്തും വാഹനങ്ങൾ തടഞ്ഞു വഴിതിരിച്ചുവിട്ടു. തുടർന്ന് തൊട്ടടുത്ത വീടുകളിലുള്ളവരേയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുണ്ടായിരുന്നവരേയും പൊലീസ് സുരക്ഷിതമായി അവിടെനിന്നും മാറ്റി. ഒപ്പം വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇന്ധനം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഫയർഫോഴ്സ് ശക്തമായി ഫോം പമ്പ്ചെയ്ത് പെട്രോൾ നിർവീര്യമാക്കികൊണ്ടിരുന്നു. സംഭവം അറിഞ്ഞ് ഒാടിക്കൂടിയവരെ നിശ്ചിത അകലത്തിൽ കയർകെട്ടി മാറ്റി നിറുത്തി. പരിക്കേറ്റവരെ പൊലീസ്,അഗ്നിരക്ഷാസേനാ വാഹനങ്ങളിലായി ഇതിനകം അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് ക്രയിനുകൾ ഉപയോഗിച്ച് സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം ടാങ്കർ ഉയർത്തി നിറുത്തിയതോടെയാണ് ഇന്ധനചോർച്ച തടയാനായത്. തുടർന്ന് അഞ്ച് മണിയോടെ രണ്ട് ടാങ്കർ എത്തിച്ച് ശേഷിച്ച ഇന്ധനം അതിലേക്ക് പകരുന്ന ജോലി പൂർത്തിയായത് ഇന്നലെ രാത്രി എട്ടേകാലോടെ വാഹന ഗതാഗതം പുനസ്ഥാപിച്ചത്. പെട്രോൾ പകർന്നശേഷം അപകടത്തിൽപ്പെട്ട ടാങ്കർ ലോറി റോഡിൽ നിന്നും മാറ്റുന്നതിന് മുൻപായി ഫോം പമ്പ് ചെയ്ത് വാഹനത്തിലെ പെട്രോൾ സാന്നിദ്ധ്യം നിർവീര്യമാക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.