
അടൂർ : വിജയവാഡയിൽ ചേർന്ന സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് തിരശീല വീഴുമ്പോൾ അടൂരിനും ജില്ലയ്ക്കും അഭിമാനമായി മാറുകയാണ് ദേശീയ കൗൺസിലിലേക്കുള്ള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ കടന്നുവരവ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് ചിറ്റയം ഗ്രാമമാണ് ജന്മദേശമെങ്കിലും 2011ൽ അടൂരിന്റെ മനസിൽ ഇടം നേടുകയായിരുന്നു. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശം. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി കൊല്ലം ജില്ലാസെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിലേക്കായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് മത്സരം. വിജയിച്ചപ്പോൾ ചിറ്റയത്തെ തേടിയെത്തിയത് പ്രസിഡന്റ് പദവിയായിരുന്നു. 2009ൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി. സംവരണ മണ്ഡലമായ അടൂരിൽ 2011ൽ ആദ്യ അങ്കത്തിൽ കോൺഗ്രസിലെ പന്തളം സുധാകരനെ തോൽപിച്ചാണ് എം.എൽ.എ ആയത്. തുടർന്ന് 2016ൽ കെ.കെ.ഷാജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ച് വീണ്ടും അടൂരിൽ ഇടതുകോട്ടയാക്കി. എം.ജി.കണ്ണനെ ഹാട്രിക് വിജയത്തിലൂടെ പരാജയപ്പെടുത്തി സംസ്ഥാന നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായി. കേരള സർവകലാശാല സെനറ്റ് അംഗമാണ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി കശുഅണ്ടി തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ സെക്രട്ടറി, എ.ഐ.ടി.യു.സി കർഷക തൊഴിലാളി യൂണിയൻ ദേശീയ കമ്മിറ്റി അംഗം, ആശ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, കെ.ടി.ഡി.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇപ്റ്റ, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ സി.ഷേർലി ഭായി ഹൈക്കോടതി റിട്ട.കോർട്ട് ഓഫീസർ ആണ്. മക്കൾ: എസ്.ജി.അമൃത, എസ്.ജി.അനുജ.