ac
പമ്പയിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെട്ട എ.സി ലോ ഫ്ളോർ ബസ്

പമ്പ : തുലാമാസ പൂജയ്ക്ക് ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ കീശ ചോർത്താൻ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്. പമ്പ - നിലയ്ക്കൽ സർവീസിന് എ.സി ബസുകളിൽ മാത്രം തീർത്ഥാടകരെ കയറ്റിയാണ് കൊള്ള. ഉയർന്ന ടിക്കറ്റ് നിരക്കാണ് എ.സി ബസുകളിൽ ഇൗടാക്കുന്നത്. ഒരാൾക്ക് പമ്പ മുതൽ നിലയ്ക്കൽ വരെ 80 രൂപയാണ് എ.സി ബസിലെ ടിക്കറ്റ് ചാർജ്.

സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകരെ നിലയ്ക്കലിൽ നിന്ന് വഴി തിരിച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യിപ്പിച്ച ശേഷം കെ.എസ്.ആർ.ടി.സി എ.സി ബസിലാണ് പമ്പയിലേക്ക് എത്തിക്കുന്നത്.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും പമ്പയിൽ നിന്ന് നിലയ്ക്കലിലേക്കുമായി എ.സി ബസിൽ ഒരാൾക്ക് 160 രൂപ ടിക്കറ്റ് ചാർജാകും.

പമ്പ - നിലയ്ക്കൽ സർവീസിനായി 45 ലോ ഫ്ളോർ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിനായി 10 എ.സി ബസുകളും 35 നോൺ എ.സി ബസുകളും പമ്പയിലെത്തിച്ചിട്ടുണ്ട്. തീർത്ഥാടകരെ പിഴിയുക എന്ന ലക്ഷ്യത്തോ‌ടെ എ.സി ബസുകൾ മാത്രം സർവീസ് നടത്തുകയാണ്. നോൺ എ.സി ബസുകൾ പമ്പ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഒതുക്കിയിട്ടു. നോൺ എ.സിയിൽ ഒരാൾക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമായി 100രൂപയാണ് ടിക്കറ്റ് നിരക്ക്.

'' നോൺ എ.സി ബസുകൾ ഉണ്ടായിട്ടും എ.സി ബസുകൾ മാത്രം സർവീസ് നടത്തുകയാണ്. തീർത്ഥാടകരെ കൊള്ളയടിക്കുകയാണ് കെ.എസ്.ആർ.ടി.സി.

വിനോദ്, ശബരിമല തീർത്ഥാടകൻ.

സർവീസ് നടത്തുന്നത് എ.സി ബസുകൾ മാത്രം,

ഇൗടാക്കുന്നത് ഉയർന്ന ടിക്കറ്റ് ചാർജ്,

ടിക്കറ്റ് നിരക്ക് :

പമ്പ - നിലയ്ക്കൽ : 80 രൂപ

സർവീസ് നടത്തുന്നത് :

45 ലോ ഫ്ളോർ ബസുകൾ

എ.സി : 10, നോൺ എ.സി : 35