1
പഴകുളത്ത് പൈപ്പ് സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

അടൂർ: കെ.പി. റോഡിന്റെ അരികിൽ വർഷങ്ങളായി കൂട്ടിയിട്ടിരുന്ന കുടിവെള്ളപൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി. റോഡിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കി ബോർഡ് സ്ഥാപിക്കുകയും ട്രാഫിക് പൊലീസിനെ നിയമിക്കുകയും ചെയ്തു. റോഡിലെ യാത്രാദുരിതം ചൂണ്ടിക്കാട്ടി 15 ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടി. പഴകുളം മുതൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ വരെയാണ് യാത്രാ ബുദ്ധിമുട്ട് നേരിടുന്ന തരത്തിൽ പൈപ്പുകൾ കിടന്നതും അനധികൃത പാർക്കിംഗും. പഴകുളം ജംഗ്ഷൻ കഴിഞ്ഞാൽ ഫോറസ്ട്രി പാർക്ക് കഴിഞ്ഞ് പാസ് ജംഗ്ഷനിൽ അടൂരിലേക്ക് വരുമ്പോൾ പാലം കഴിഞ്ഞാൽ വാട്ടർ അതോറിറ്റി റോഡിന്റെ തെക്ക് വശത്ത് അല്പം വീതിയുള്ള എല്ലാ ഭാഗത്തും പൈപ്പ് ഇറക്കിയിട്ടിരിക്കുകയാണ്. പതിനാലാം മൈൽ വരെ ഇതു തന്നെയാണ് സ്ഥിതി. വീതിയില്ലാത്ത റോഡരികിലാണ് വാഹനങ്ങൾ പാർക്കുചെയ്തിരുന്നത്. പതിനാലാം മൈൽജംഗ്‌ഷൻ മുതൽ വായനശാല ജംഗ്ഷന് പടിഞ്ഞാറ് ഭാഗം വരെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച് ഇപ്പോൾ പാർക്കിംഗ് പൂർണമായും ഒഴിവാക്കി. തെങ്ങുംതാര ജംഗ്‌ഷനിലെ അനധികൃത കൈയേറ്റങ്ങളും പാർക്കിംഗും ഒഴിവാക്കുകയും ഓടക്ക് മൂടി കൂടി സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.