പ്രമാടം : തിരക്കേറിയ പൂങ്കാവ് - പത്തനംതിട്ട റോഡിൽ പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം അപകടഭീഷണി ഉയർത്തിയിരുന്ന മരം മുറിച്ചുമാറ്റി. റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വട്ടമരം യാത്രക്കാർക്കും റോഡിനും ഭീഷണിയായി മാറുന്നത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. മോഹന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മരം മുറിച്ചുമാറ്റിത്.
സ്‌കൂൾ ജംഗ്ഷനിൽ നിന്ന് പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന ഇറക്കത്ത് വലതുഭാഗത്തായിരുന്നു മരം. ഇതിന്റെ ഇലകൾ കാരണം വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാഴ്ച മറയുന്നതാൽ അപകട സാദ്ധ്യത വർദ്ധിച്ചിരിക്കുകയായിരുന്നു.
മരത്തിന്റെ വേര് റോഡിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെ അത്യാധുനിക രീതിയിൽ പുനർ നിർമ്മിച്ച റോഡിനും ബലക്ഷയമുണ്ടായിരുന്നു.
സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു മരം. വസ്തുവിന്റെ അവകാശികൾ രണ്ടു പേരും മരിച്ചു പോയതിനാൽ ബന്ധുക്കളുടെ തർക്കത്തിൽ കിടക്കുന്ന ഭൂമിയാണിത്.