sabarimala
നവീകരണ പ്രവർത്തനം നടക്കാത്ത ശബരിമല ഇടത്താവളം

പത്തനംതിട്ട : ശബരിമല മണ്ഡല കാലത്തിന് ഇരുപത്തിയാറ് നാൾ മാത്രമാണുള്ളത്. പക്ഷേ പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ ഇതുവരെ ഒരുക്കങ്ങളാരംഭിച്ചിട്ടില്ല. എല്ലാത്തവണയും മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പേ പണികളാരംഭിക്കുമെന്ന് തീരുമാനമെടുക്കുമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഓണാഘോഷവുമായി ബന്ധപ്പെട്ട മേള നടന്നതിനാൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇവിടെ ഇപ്പോഴുമുണ്ട്. ഇതുവരെ ഇടത്താവളത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇടത്താവളം ചെളിനിറഞ്ഞ് കിടക്കുകയാണ്. നിറയെ കുഴികളും ഉള്ളതിനാൽ വാഹനങ്ങൾ തെന്നിമറിയാൻ സാദ്ധ്യതയുണ്ട്.

ഇടത്താവളത്തിന്റെ ഒന്നാം നിലയിലും തീർത്ഥാടകർക്ക് വിശ്രമ സൗകര്യമുണ്ട്. എന്നാൽ അതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഒരേസമയം അൻപത് പേർക്ക് കിടന്നുറങ്ങാവുന്ന ഹാൾ ഇവിടെയുണ്ടെങ്കിലും പെയിന്റിംഗ് അടക്കമുള്ള ജോലികൾ നടപ്പായിട്ടില്ല.

സ്ത്രീകൾക്ക് അടക്കം 12 ടോയ്‌ലറ്റുകൾ ഉണ്ടെങ്കിലും അവയെല്ലാം വൃത്തിയാക്കേണ്ടതായിട്ടുണ്ട്. കെട്ടിടത്തിന് ചുറ്റും കാട് വളർന്ന് നിൽക്കുകയാണ്. തീർത്ഥാടകർക്ക് കുളിക്കാനായി പുറത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പിന് ചുറ്റും നിറയെ കാടാണ്. രാവിലെ മൂന്ന് മണി മുതൽ രാവിലെ എട്ട് വരെയാണ് പൈപ്പിൽ വെള്ളം വരുന്നത്. ഈ സമയം ടാങ്കുകളിൽ വെള്ളം നിറച്ചാണ് ഉപയോഗം. മണ്ഡലകാലത്ത് കൂടുതൽ സമയം വെള്ളം വിതരണം നടത്തിയില്ലെങ്കിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകും.നഗരസഭയുടെ അധീനതയിലാണ് പത്തനംതിട്ട ഇടത്താവളം .