അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 2006 -ാം നമ്പർ ചാല ശാഖ യോഗം പ്രസിഡന്റ്‌ രാധാകൃഷ്ണനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് അടൂർ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഡിവൈ. എസ്. പി ഒാഫീസിലേക്ക് മാർച്ച് നടത്തും. സെപ്തംബർ 23 ന് രാത്രിയാണ് മോഷണക്കേസിലെ പ്രതി പുലർച്ചെ വീട്ടിൽ കയറി രാധാകൃഷ്ണനെ ഗുരുതരമായി വെട്ടി പ്പരിക്കേൽപ്പിച്ചത്. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാധാകൃഷ്ണൻ അപകടനില തരണം ചെയ്ത് വീട്ടിൽ തുടർ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് അടൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി , ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.പൊലീസിന്റെ വീഴ്ചയ്ക്കെതിരെ ശക്തമായ സമര പരിപാടികൾ നടത്തുന്നതിന് യൂണിയനിലെ ശാഖായോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരുടെ യോഗം തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ 10 ന് യൂണിയൻ ആസ്ഥാനത്തു നിന്ന് മാർച്ച് ആരംഭിക്കും. വിവിധ ശാഖായോഗങ്ങളിൽ നിന്ന് എത്തുന്ന പ്രവർത്തകർ ഒൻപതരയോടെ യൂണിയൻ ആസ്ഥാനത്തെത്തി മാർച്ച് വിജയിപ്പിക്കണമെന്ന് യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, കൺവീനർ അഡ്വ. മണ്ണടി മോഹൻ എന്നിവർ അഭ്യർത്ഥിച്ചു.