തിരുവല്ല: ട്രാൻസ്‌ജെൻഡറിനോട് അപമര്യാദയായി പെരുമാറുകയും സംഘർഷമുണ്ടാവുകയും ചെയ്ത സംഭവത്തിൽ എസ്.ഐയെ പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റി. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ നഹാദിനെയാണ് സ്ഥലം മാറ്റിയത്. തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12നാണ് സംഭവം. ഡ്യൂട്ടിയിൽ ഇല്ലായിരുന്ന എസ്.ഐ ഇവിടെനിന്ന ട്രാൻസ്‌ജെൻഡറെ സമീപിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും സംഘട്ടനവുമുണ്ടായി. എസ്.ഐക്ക് പരിക്കേൽക്കുകയും താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവം പൊലീസ് അറിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പിയോട് റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ക്കെതിരേ വകുപ്പുതല നടപടി.