bhagavl
ഇലന്തൂർ നരബലി​ കേസി​ലെ പ്രതി​ ഭഗവൽ സി​ംഗി​നെ ഇലന്തൂരി​ലെ കടകംപള്ളി​ൽ വീട്ടി​ൽ ഇന്നലെ തെളി​വെടുപ്പി​ന് കൊണ്ടുവന്നപ്പോൾ

പത്തനംതിട്ട : ഇരട്ട നരബലിക്കേസിലെ പ്രതികളായ ഭഗവൽ സിംഗിനെയും ലൈലയേയും കൃത്യംനടന്ന ഇലന്തൂരിലെ കടകംപള്ളിൽ വീട്ടിലെത്തിച്ച് മൂന്നാമതും തെളിവെടുത്തു. ഇന്നലെ രാവിലെ രണ്ട് സംഘങ്ങളായാണ് കൊച്ചിയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി തിരിച്ചത്.

ഉച്ചയ്ക്ക് 12.30ന് ഭഗവൽ സിംഗും ലൈലയുമായി പത്തനംതിട്ട പൊലീസ് സ്റ്റേഷന് സമീപമുള്ള കച്ചവടസ്ഥാപനത്തിലാണ് സംഘം ആദ്യമെത്തിയത് . കൊലപാതകത്തിന് ഉപയോഗിച്ച കത്തിയടക്കമുള്ള സാമഗ്രികൾ വാങ്ങിയ കടയിൽ 15 മിനിറ്റോളം തെളിവെടുപ്പ് നടത്തി. അതിനുശേഷം ഭഗവൽസിംഗിനെയും ലൈലയേയും മലയാലപ്പുഴയിൽ എത്തിച്ചു. തിരുമ്മൽ ചികിത്സ നടത്തിയ ഷാൻ സദാനന്ദന്റെ വീടും ഇവർ സ്ഥിരമായി എത്തിയിരുന്ന മലയാലപ്പുഴ ക്ഷേത്രത്തിന് സമീപത്തെ ജോതിഷിയുടെ വീടും പ്രതികൾ കാണിച്ചുകൊടുത്തു. ഷാനിന്റെ വീട്ടിൽ കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസമാണ് ലൈലയും ഭഗവൽ സിംഗും എത്തിയത്.

തുടർന്ന് ഉച്ചയ്ക്ക് 1.33ന് ഇലന്തൂരിലെ വീട്ടിൽ പ്രതികളെ എത്തിച്ചു. ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയതുപ്രകാരം പത്മയുടെ മൊബൈലും ശരീരഭാഗങ്ങൾ കീറിമുറിക്കാൻ ഉപയോഗിച്ച സർജിക്കൽ ബ്ലേഡും കണ്ടെത്താൻ വീടിനോട് ചേർന്നുള്ള മണപ്പുറം വലിയ തോട്ടിൽ തെരച്ചിൽ ആരംഭിച്ചു. ഭഗവൽ സിംഗിനെ മാത്രമാണ് തോട്ടിൻ കരയിലേക്ക് എത്തിച്ചത്. പരിസരത്തുനിന്ന് ലഭിച്ച ഉണക്കതേങ്ങ ഭഗവൽ സിംഗ് തോട്ടിലേക്ക് എറിഞ്ഞുകാട്ടി. തുടർന്ന് രണ്ടുമണിക്കൂറിലധികം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. മഴപെയ്ത് തോട്ടിൽ വെളളം നിറഞ്ഞതും കലങ്ങിയതും തെരച്ചിലിന് തടസമായി. തുടർന്ന് ലൈലയെ വീടിനുള്ളിൽ കയറ്റി തെളിവുകൾ ശേഖരിച്ചു. ഭഗവൽ സിംഗിനെ വീടിനുസമീപമുളള തിരുമ്മൽ കേന്ദ്രത്തിലെത്തിച്ച് തെളിവെടുത്തു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഭഗവൽ സിംഗിനെ വീണ്ടും വീട്ടിലെത്തിച്ചു. വിശദവും ശാസ്ത്രീയവുമായ തെളിവെടുപ്പുകൾക്ക് ശേഷം 5.40ന് അന്വേഷണ സംഘം ഇരുവരെയും രണ്ടുവാഹനങ്ങളിലായി കയറ്റി കൊച്ചിയിലേക്ക് മടങ്ങി. തോട്ടിലെ വെള്ളം വറ്റിച്ച് മൊബൈൽ ഉൾപ്പടെയുളള തെളിവുകൾ ശേഖരിക്കാൻ വീണ്ടും എത്തുമെന്നാണ് സൂചന.

മൂന്നാംപ്രതി മുഹമ്മദ് ഷാഫിയുമായുള്ള സംഘം ആലപ്പുഴ പള്ളിക്കൂടമയിൽ എ.സി കനാലിൽ തെരച്ചിൽ നടത്തി. കൊലപ്പെട്ട പത്മത്തിന്റെ വെള്ളി പാദസരം ഉപേക്ഷിച്ച സ്ഥലത്താണ് പരിശോധന നടത്തിയത്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ നാലരമണിക്കൂർ വെള്ളത്തിൽ മുങ്ങി പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും കിട്ടിയില്ല.