തിരുവല്ല: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമ്പ്രം ഉണ്ടപ്ലാവ് കോയിപ്പളളിൽ രോഹിണി (52) ക്കാണ് വെട്ടേറ്റത്. ഇവരുടെ തലയിലും ചെവിയിലും കൈവിരലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. രോഹിണിയുടെ ഭർത്താവ് രാധാകൃഷ്ണനെ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ പൊലീസ് ഇയാളെയും ആശുപത്രിയിലാക്കി. ഇന്നലെ ഉച്ചയ്ക്കുശേഷം ഒന്നരയോടെയാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് അടുത്തകാലത്ത് മാറി താമസിച്ചിരുന്നു. വീട്ടുസാധനങ്ങൾ എടുക്കാൻ തിരികെയെത്തിയപ്പോഴാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി വില്പനക്കാരനാണ് രാധാകൃഷ്ണൻ. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിക്കീഴ് പൊലീസ് കേസെടുത്തു.