road-
ശബരിമല പാതയുടെ സംരക്ഷ ഭിത്തി ഇടിഞ്ഞ അവസ്ഥയിൽ

റാന്നി: ശബരിമല പാതയുടെയും മടത്തുംമൂഴി വലിയതോടിന്റെയും സംരക്ഷണഭിത്തി പലഭാഗത്തും ഇടിയുന്നത് മൂലം റോഡ് അപകടാവസ്ഥയിൽ. മടത്തുംമൂഴി കൊച്ചുപാലം മുതൽ കൂനങ്കര വരെയുള്ള ഭാഗത്ത് നിരവധി സ്ഥലത്ത് സമാനമായും അതിൽ കൂടുതലും ഭാഗങ്ങൾ ഇടിഞ്ഞുകിടക്കുകയാണ്. പലയിടങ്ങളിലും കാടും പടലും മൂടിക്കിടക്കുന്നതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തോടിന്റെ വശങ്ങളിലെ കാടുതെളിച്ചപ്പോഴാണ് സംരക്ഷാഭിത്തി ഇടിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൂനങ്കര ശബരി ശരണാശ്രമത്തിന് മുൻവശത്തെ സംരക്ഷണഭിത്തി 100 മീറ്ററോളം ഇടിഞ്ഞിരിക്കുകയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന റോഡുകളിൽ ഒന്നാണ് പെരുനാട് മുതൽ കൂനങ്കര വരെയുള്ള ഭാഗം. മകരവിളക്ക് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കാൻ ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. നിലയ്ക്കലിൽ ഉൾപ്പടെ വാഹനങ്ങളുടെ തിരക്കേറുമ്പോൾ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്കുചെയ്യാറുണ്ട്.

അപകടഭീഷണിയെക്കുറിച്ച് പൊതുമരാമത്തിൽ അറിയിച്ചെങ്കിലും മണ്ണാറക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെയുള്ള ഭാഗത്തെ റോഡിന്റെ ചുമതല ദേശീയ ഹൈവേ വിഭാഗത്തിനാണെന്നായിരുന്നു മറുപടി. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.