പത്തനംതിട്ട: അടൂർ മൗണ്ട്സിയോൺ സ്ഥാപനങ്ങളും ചെയർമാന്റെ സ്വത്തുക്കളും പത്തനംതിട്ട സബ്കോടതി ജപ്തി ചെയ്തു. മൗണ്ട്സിയോൺ ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന മീനച്ചിൽ മൂന്നിലവിലെ പി.വി.ഗ്രാനൈറ്റ് എന്ന ക്വാറി പ്രവർത്തിപ്പിക്കുന്നതിന് സിവിൽ, പരിസ്ഥിതി, പ്രാദേശിക എതിർപ്പുകളും കേസുകളും ഇല്ലെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി അടൂർ ആമ്പാടിയിൽ ന്യൂ ബംഗ്ലാവ് കെ. സദാനന്ദൻ നൽകിയ ഹർജിയെ തുടർന്നാണ് പത്തനംതിട്ട സബ് കോടതിയുടെ ഉത്തരവ്.
റെഡ് സോണിൽപ്പെട്ടതും വനം പരിസ്ഥിതി ബഫർ സോണിൽപ്പെട്ടു കിടന്നതുമായ ക്രഷർ യൂണിറ്റ് വിലയ്ക്കു തന്ന് എബ്രഹാം കലമണ്ണിൽ കോടികൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് കെ.സദാനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലാവധി കഴിയാറായിരുന്ന ക്വാറിയുടെ ലൈസൻസുകൾ പുതുക്കി ത്തരാമെന്ന് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കുകയായിുന്നു. ഇതുകാരണം മൂന്നര വർഷമായി പി .വി ഗ്രാനൈറ്റ് കമ്പനി പ്രവർത്തിക്കുന്നില്ല. 17 കോടിയോളം രൂപ നഷ്ടമുണ്ടായി. നീതി ലഭിക്കിക്കാൻ പല ജനപ്രതിനിധികളോടും പരാതിപ്പെട്ടതനുസരിച്ച് എബ്രഹാമിനോട് സംസാരിച്ചെങ്കിലും പണം കിട്ടിയില്ല. ഇതേതുടർന്ന് പത്തനംതിട്ട സബ്ബ് കോടതിയിൽ അന്യായം ബോധിപ്പിക്കുകയായിരുന്നു.
മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റെയും നഴ്‌സിംഗ് കോളേജിന്റെയും മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ അംഗീകാരം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഫാർമസി കൗൺസിൽ ചെയർമാൻ, നാഷണൽ മെഡിക്കൽ കമ്മിഷൻ, നഴ്‌സിംഗ് കൗൺസിൽ ചെയർമാൻ എന്നിവർക്ക് പരാതികൾ നൽകിയതായി സദാനന്ദൻ പറഞ്ഞു.