road

3 റോ‌ഡുകൾ

1. തൈക്കാവ് റോഡ്

2.കരിമ്പനാക്കുഴി റോഡ്

3.ഡോക്ടേഴ്സ് ലൈൻ റോഡ്

-------------------

പത്തനംതിട്ട : നടുവൊടിക്കുകയാണ് പത്തനംതിട്ട നഗരത്തിലെ റോഡുകൾ.

തൈക്കാവ് റോഡ്, കരിമ്പനാക്കുഴി റോഡ്, ഡോക്ടേഴ്സ് ലൈൻ റോഡ് എന്നിവയ്ക്കായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 83ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ട് നാളുകളായി. ഇതുവരെ പണി ആരംഭിച്ചിട്ടില്ല. നഗരത്തിലെത്തുന്നവർ ആശ്രയിക്കുന്ന പ്രധാനപ്പെട്ട മൂന്ന് റോഡുകളാണിത്.

2018ലാണ് അവസാനമായി തൈക്കാവ് റോഡ് ടാർ ചെയ്തത്. പിന്നീട് അറ്റകുറ്റപ്പണികൾ നടക്കാതെ നിറയെ കുഴികളായി. പത്തനംതിട്ട നഗരസഭ 10, 11 വാർഡുകളിൽ കൂടി കടന്നുപോകുന്നു. ഗാന്ധി സ്‌ക്വയറിന് സമീപമുള്ള കുരിശ് കവല മുതൽ തൈക്കാവ് സ്‌കൂൾ വരെയാണ് റോഡ് . ഈ റോഡിന് സമീപമാണ് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്. പൊതുവെ വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്കും പതിവാണ്. ഒറ്റവരിപ്പാതയായ റോഡിൽ ഇരുവശത്തുകൂടിയും തോന്നിയപോലെയാണ് ഗതാഗതം . ഇറക്കമായതിനാൽ പലപ്പോഴും ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ പാർക്കിംഗും വഴിയോര വിപണികളും റോഡിന്റെ സ്ഥലത്തെ പകുതിയോളം അപഹരിക്കുകയാണ്.

കരിമ്പനാക്കുഴി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട് കാലങ്ങളായി. ടിപ്പറുകൾ പോലുള്ള വലിയ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. സ്റ്റേഡിയം ജംഗ്ഷനിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ വാഹനങ്ങളിലധികവും ഈ റോ‌ഡാണ് ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം പതിവാണ്.

ജനറൽ ആശുപത്രിയ്ക്ക് പിറകിലൂടെയുള്ള ഡോക്ടേഴ്സ് ലൈൻ റോഡിന്റെയും സ്ഥിതി ഇതാണ്. കോളേജ് ജംഗ്ഷൻ റോഡിൽ നിന്ന് ടി.കെ റോഡിലേക്കുള്ള എളുപ്പ വഴിയാണിത്. പ്രധാന റോഡ് പോലെതന്നെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴി കൂടിയാണിത്. മൂന്ന് മീറ്റർ വീതിയിലുള്ള റോഡിൽ ചെറിയൊരു ഓടയാണുള്ളത്. കോൺക്രീറ്റ് മാറി പാറകൾ തെളിഞ്ഞിരിക്കുകയാണ്.

83 ലക്ഷം രൂപയുടെ പദ്ധതി

"തൈക്കാവ് റോഡ്, കരിമ്പനാക്കുഴി റോഡ്, ഡോക്ടേഴ്സ് ലൈൻ റോഡ് എന്നിവയ്ക്ക് കരാറായി. സാങ്കേതിക വിദഗ്ദ്ധരുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. കരാറുകാരൻ ഉടൻ പണി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. "

(നഗരസഭാ അധികൃതർ)