photo
പൂങ്കാവ് -പത്തനംതിട്ട റോഡിൽ മറൂർ ഭാഗം.

പ്രമാടം : പ്രമാടത്തെ മിക്ക ഗ്രാമീണ റോഡുകളും കാടുമൂടിയതോടെ അപകട ഭീഷണി വർദ്ധിച്ചു. പ്രധാന റോഡുകളിൽ ഉൾപ്പെടെ ഒരാൾ പൊക്കത്തിലാണ് കാടുകൾ വളർന്ന് പന്തലിച്ച് നിൽക്കുന്നത്. പൂങ്കാവ് - പ്രമാടം - മറൂർ - പത്തനംതിട്ട, പൂങ്കാവ് - പ്രമാടം അമ്പലം ജംഗ്ഷൻ - പത്തനംതിട്ട, പൂങ്കാവ് - മണലാടി തെക്കേക്കര, മറൂർ - വട്ടക്കുളഞ്ഞി, പൂങ്കാവ് - ളാക്കൂർ, കോന്നി -പൂങ്കാവ് - ചന്ദനപ്പള്ളി, പ്രമാടം - കാഞ്ഞിരപ്പാറ, സ്റ്റേഡിയം ജംഗ്ഷൻ- ഷാപ്പുപടി തുടങ്ങിയ റോഡുകളെല്ലാം കാടുമൂടിയ നിലയിലാണ്. റോഡുകളുടെ ഇരുവശങ്ങളിലും കാട് തഴച്ചുവളർന്ന് നിൽക്കുന്നതിനാൽ ഓടപോലും തിരിച്ചറിയാൻ കഴിയില്ല.വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ മൂടിയില്ലാത്ത ഓടകളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.

ഇഴജന്തുക്കൾ മുതൽ വന്യമൃഗങ്ങൾ വരെ

പ്രദേശത്ത് ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. വിഷ പാമ്പുകൾ ഉൾപ്പെടെ റോഡിൽ സജ്ജീവമാണ്. കാടുമൂടി കിടക്കുന്ന ഓടകളിൽ കാട്ടുപന്നികളും കുറുക്കനും താവളം ഉറപ്പിച്ചതോടെ നാട്ടുകാരുടെ സ്വൈര്യജീവിതം താറുമാറായി. പട്ടാപകൽ പോലും ഇവിടെ കാട്ടുപന്നി ശല്യം രൂക്ഷമാണ്.റോഡ് മുറിച്ചു കടക്കുന്ന പന്നികൾ പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. രാത്രികാലങ്ങളിലാണ് കുറുക്കന്റെ വിളയാട്ടം. പന്നിക്കൂട്ടം കൃഷി വ്യാപകമായി നശിപ്പിക്കുമ്പോൾ വളർത്തുജീവികളെയാണ് കുറുക്കൻ ഇരയാക്കുന്നത്. കോഴി, താറാവ്, മുയൽ തുടങ്ങിയവയെ കൂട്ടത്തോടെ വേട്ടയാടുന്ന ഇവ ഇപ്പോൾ വളർത്ത് മൃഗങ്ങൾക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്.

മാലിന്യ നിക്ഷേപവും വ്യാപകം

അടുത്തിടെയായി പ്രദേശത്ത് മാലിന്യ നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. ചാക്കുകളിലും പ്ളാസ്റ്റിക് കവറുകളിലുമായാണ് ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യം തള്ളുന്നത്. ഇവ അഴുകി ജീർണ്ണിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലുമാണ്.തെരിവുനായകളും കാക്കകളും ഇവ സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നതും പതിവാണ്.ഇത് പകർച്ചവ്യാധി ഭീഷണി വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ജലജന്യരോഗങ്ങളും പകർച്ച വ്യാധികളും

പഞ്ചായത്തിൽ വ്യാപകമായിരുന്നു.

......................

റോഡിലെ കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നേരത്തെ തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കാട് തെളിച്ചിരുന്നെങ്കിലും ഇപ്പോഴില്ല. നിരവധി തവണ ഇത് സംബന്ധിച്ച് ഗ്രാമസഭകളിലും പഞ്ചായത്തിലും പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

(നാട്ടുകാർ)