binuraj
ബിനുരാജ്

കോഴഞ്ചേരി : സ്വകാര്യ ആശുപത്രിക്ക് സമീപം വാടക വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റുചെയ്തു. പിക്ക് അപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന 5250 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ ബിനുരാജാണ് (43) രാമഞ്ചിറ പൊലീസിന്റെ പിടിയിലായത്. ഡാൻസാഫ് ടീമും ഇലവുംതിട്ട പൊലീസും ചേർന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. ബിനുരാജിന്റെ, ബന്ധുക്കളായ ദമ്പതികൾ നേരത്തെ കോഴഞ്ചേരിയിൽ കസ്റ്റഡിയിലായിരുന്നു.

ഡാൻസാഫ് നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡിവൈ. എസ്. പിയുമായ കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഇലവുംതിട്ട പൊലീസും നടത്തിയ സംയുക്ത നീക്കത്തിൽ ഇന്നലെ രാത്രിയാണ് ബിനുരാജിനെ അറസ്റ്റ് ചെയ്തത്.