local

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവീകരണം പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി മണ്ഡലത്തിൽ ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് വിവിധ ജില്ലകളിലെ റോഡുകൾ പരിശോധിച്ചു. ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തിലെ അഞ്ച് റോഡുകൾ 28 കോടി രൂപ വിനിയോഗിച്ചാണ് ബി.എം, ബി.സി നിലവാരത്തിലേക്ക് ഉയർത്തിയത്. സംസ്ഥാനത്ത് അഞ്ചു വർഷത്തിനുള്ളിൽ 50 ശതമാനത്തിലധികം റോഡുകൾ ബി എം, ബി സി ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പെന്നും മന്ത്രി പറഞ്ഞു.


കുമ്പളാംപൊയ്ക - ഉതിമൂട് - പേരൂർചാൽ ശബരിമല വില്ലേജ് റോഡ് (10 കോടി), റാന്നി ഔട്ടർ റിംഗ് റോഡ് (7.70 കോടി), ഇട്ടിയപ്പാറ കിടങ്ങമൂഴി റോഡ് (5.25 കോടി), റാന്നി കുമ്പളന്താനം റോഡ് (3.50 കോടി), മുക്കട ഇടമൺ റോഡ് (2.50 കോടി) എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.
ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, മുൻ എം.എൽ.എ രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് എബ്രഹാം, ജെസി അലക്‌സ്, രാജി പി.രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.