
പത്തനംതിട്ട: പൊതുമരാമത്ത് റോഡുകളിൽ ജലഅതോറിറ്റി പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നത് ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡ് പരിശോധനയ്ക്കു ശേഷം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഡിസംബറിനുശേഷം റോഡ് കുഴിക്കാൻ അനുമതിയുണ്ടാകില്ല.വരുംവർഷങ്ങളിലും ഇത്തരം ജോലികൾക്ക് ഷെഡ്യൂൾ തീരുമാനിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചതിൽ അനുകൂല പ്രതികരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 184 പൊതുമരാമത്ത് റോഡുകളാണ് പൈപ്പിടൽ ജോലികളുമായി ബന്ധപ്പെട്ട് തകർന്നു കിടക്കുന്നത്.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.റോഡുകൾ തകർന്നു കിടക്കുമ്പോൾ പരാതി കേൾക്കേണ്ടിവരുന്നത് പൊതുമരാമത്ത് വകുപ്പാണെന്നും ഇതിലൂടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ബോദ്ധ്യമാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.