പത്തനംതിട്ട: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജില്ലയിലെ റോഡുകളുടെ പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ നഗരത്തിലെ റോഡ് കുത്തിപ്പൊളിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെ ടി.കെ റോഡിലെ സെൻട്രൽ ജംഗ്ഷനിൽ മസ്ജിദിന് സമീപം സൂപ്പർ മാർക്കിന് എതിർവശമാണ് കുത്തിപ്പൊളിച്ചത്. കടയിലേക്ക് പൈപ്പ് ലൈൻ ഇടാൻ വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്തിന്റെയും അനുമതിയോടെയാണ്
റോഡ് കുഴിച്ചതെന്ന് കടയുടമ പറയുന്നു.
റോഡ് കുഴിക്കൽ പരിസരവാസികൾ തടഞ്ഞതിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ റോഡ് കുഴിക്കാവൂ എന്ന് നിർദേശിച്ചിരുന്നതായും തങ്ങളെ അറിയിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അനുമതിയിൽ പറഞ്ഞിരുന്ന അളവിൽ കൂടുതലായി റോഡ് കഴിച്ചതായി കണ്ടെത്തി. കുഴിയെടുക്കൽ
നിറുത്തിവയ്പ്പിച്ചു. റോഡ് വാട്ടർ അതോറിറ്റിക്കു വേണ്ടി കുഴിക്കുന്നതിന് മുൻപ് പൊതുമരാമത്തിനെ അറിയിക്കണമെന്ന ഇരു വകുപ്പുകളും തമ്മിൽ ധാരണയുണ്ട്.. വാട്ടർ അതോറിറ്റി കരാർ ജീവനക്കാരാണ് റോഡ് കുഴിച്ചത്.
ഇന്ന് രാവിലെ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും.