മല്ലപ്പള്ളി : വിവിധ വർണ്ണത്തിൽ സുഗന്ധം പരത്തുന്ന പൂക്കളുമായി നാഗലിംഗ മരം. മല്ലപ്പള്ളി വില്ലേജ് ഓഫീസിന് സമീപം ന്യൂ ജോൺസ് ഹോട്ടലിനോട് ചേർന്ന് നിൽക്കുന്ന നാഗലിംഗമരമാണ് പൂത്ത് തളിർത്ത് വർണ്ണ കാഴ്ചയേകുന്നത്. ഇരുപത് വർഷത്തിലേറെ പഴക്കമുണ്ട് ഈ വൃക്ഷത്തിന്. കേരളത്തിൽ തന്നെ അപൂർവമായി കാണപ്പെടുന്ന മരമാണിത്. ഇതിന്റെ കായ്ക്കൾ ഉണ്ടാകുന്നത് പീരങ്കിയുണ്ടകൾ പോലെ ആയതിനാൽ ഇംഗ്ലീഷിൽ കാനൻ ബോൾട്രീ എന്നും അറിയപ്പടുന്നു. സുഗന്ധം പരത്തുന്ന പൂക്കളാണ് ഈ വൃക്ഷത്തെ വ്യത്യസ്തമാക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവ വീണ്ടും പൂത്തുതുടങ്ങി. രാവിലെ വിരിയുന്ന പൂക്കൾ സന്ധ്യയോടെ കൊഴിയും.
പ്രത്യേകത
5 സെന്റിമീറ്ററോളം വ്യാസത്തിൽ 6 ഇതളുകളുള്ള കടും നിറത്തോട് കൂടിയവയാണ്പൂക്കൾ. ഇതളുകളുടെ ചുവട്ടിൽ പിങ്കും , ചുവപ്പും അഗ്രഭാഗത്ത് മഞ്ഞനിറവും ഉള്ളിൽ ശിവലിംഗത്തിന്റെ ആ കൃതിയും അതിന് മുകളിലായി പത്തി വിരിച്ചു നിൽക്കുന്ന പാമ്പിന്റെ സാദൃശ്യവുമുള്ളതിനാലാണ് ഇതിന് നാഗലിംഗമരം എന്ന പേരു ലഭിക്കുവാൻ കാരണമായത്.
ദിവസവും ആയിരം പൂക്കൾ വരെ
ദിവസേന ആയിരത്തോളം പൂക്കൾ വരെ മരത്തിലുണ്ടാകാറുണ്ട്. ഇവയുടെ കായ് മൂപ്പെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കും. ലെസിതാഡേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ ഇല പൊഴിക്കുന്ന മരം പലവിധ രോഗങ്ങൾക്കും ഔഷധ സംഹാരിയാണ്.