1
അംബേദ്കർ പ്രതിമയ്ക്ക് ചുറ്റിലും സംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

അടൂർ : അടൂരിന്റെ മണ്ണിൽ അംബേദ്ക്കർ, ഗാന്ധി പ്രതിമകൾ സംരക്ഷിക്കാൻ നടപടിയായി. അംബേദ്ക്കർ പ്രതിമയുടെ ചുറ്റും സ്ക്വയർ റ്റ്യൂബ് കൊണ്ട് വേലി തീർത്ത് അകത്ത് തറയോട് വിരിക്കുന്ന ജോലി പുരോഗമിക്കുകയാണ്. അകത്ത് വിവിധ അലങ്കാര ചെടികളും നട്ട് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷിക്കും. അടൂരിലെ ഗാന്ധി - അംബേദ്കർ പ്രതിമകൾ അനാദരവ് നേരിടുന്നു എന്ന വാർത്ത ജൂലൈ 15ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് മുൻസിപ്പൽ ചെയർമാൻ ഡി.സജി ഇടപെട്ട് സംരക്ഷണ നടപടികൾ ആരംഭിച്ചത്. ഗാന്ധി പാർക്കിന്റെ നവീകരണത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമയുടെ സംരക്ഷണ പ്രവർത്തനവും ആരംഭിക്കുമെന്ന് ഡി.സജി പറഞ്ഞു. ഗാന്ധിയുടെ പ്രതിമ അടൂർ മുൻസിപ്പാലിറ്റിയും അംബേദ്ക്കറിന്റെ പ്രതിമ അടൂരിലെ അംബേദ്ക്കർ അനുയായികളുമാണ് സ്ഥാപിച്ചത്. ഗാന്ധി പാർക്കിന് മുന്നിലാണ് ഗാന്ധി പ്രതിമ. പ്രതിമയ്ക്കു ചുറ്റും വൃത്തിയാക്കാതെ കരീല വീണ് അഴുകി മലീമസമായ നിലയിലായിരുന്നു. പ്രതിമയ്ക്ക് മുന്നിലും ഇരുസൈഡിലുമായി വാഹന പാർക്കിംഗാണ്. ടാക്സിസ്റ്റാൻഡും ഇവിടെയാണ്. പാർക്കിൽ നിൽക്കുന്ന മരങ്ങളിൽ തങ്ങുന്ന കിളികളുടെ കാഷ്ടം വീണ് പ്രതിമയാകെ വൃത്തിഹീനമായിരുന്നു. ഗാന്ധി പ്രതിമക്ക് സമീപമായി പടിഞ്ഞാറോട്ട് റോഡിനഭിമുഖമായി വൺവെ ആരംഭിക്കുന്ന ട്രാഫിക് ഐലന്റിലാണ് ഡോ.അംബേദ്ക്കർ പ്രതിമ നിലകൊള്ളുന്നത്.എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടി കുത്തുന്നതും ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതും ഈ പ്രതിമയുടെ വശങ്ങളിലാണ്. പ്രതിമ സ്ഥാപിച്ച പീഠത്തിലേക്ക് ഒരിക്കൽ ഫ്ലെക്സ് വലിച്ച് കെട്ടിയത് വിവാദമായിരുന്നു. പ്രതിമയോട് യാതൊരു ആദരവും കാട്ടാതെ പ്രതിമ മറച്ച് ഫ്ലക്സും കൊടിതോരണങ്ങളും ഇവിടെ കെട്ടുന്നത് പതിവാണ്. ചുറ്റും പുല്ലും തളിർത്ത് കാട് കയറുമ്പോൾ നഗരസഭയുടെ ക്ലീനിംഗ് വിഭാഗം കൊഴിലാളികൾ പുല്ല് ചെത്തി കളയാറുണ്ടെന്നതാണ് ആശ്വാസമായിരുന്നത്.

............

അബേദ്ക്കർ പ്രതിമയ്ക്കു ചുറ്റിലും വേലി തീർത്ത് പ്രതിമ മറച്ച് കൊടിതോരണങ്ങളും ഫ്ലക്സും വെക്കാതിരിക്കാൻ നടപടി സ്വീകരിക്കും.

ഡി.സജി

(നഗരസഭാ ചെയർമാൻ )